കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി പൂപ്പാറ നിവാസികള്‍
രാജാക്കാട്: കാട്ടാന ശല്യത്തിന് അറുതിയില്ലാതെ പൂപ്പാറ മുള്ളംതണ്ട് മേഖല. കഴിഞ്ഞ ദിവസം രാത്രിയിലിറങ്ങിയ ഒറ്റയാന്‍ രണ്ട് വീടുകള്‍ തകര്‍ത്തു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മുള്ളംതണ്ടില്‍ കാട്ടാന ആക്രമണത്തില്‍ തകര്‍ന്നത് ഇരുപതോളം വീടുകളാണ്. കാട്ടാനയെ കാട്ടില്‍ കയറ്റി വിടുന്നതിനും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
കാട്ടില്‍ തീറ്റയും വെള്ളവുമില്ലാതായതോടെ ഹൈറേഞ്ച് മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ച് വരുന്ന അവസ്ഥയാണ്. കാട്ടാന ശല്യമാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്. മാസങ്ങളായി പൂപ്പാറ മുള്ളംതണ്ട് മേഖലയില്‍ വിഹരിക്കുന്ന കാട്ടാന വന്‍ നാശമാണ് വിതയ്ക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലിറങ്ങിയ കാട്ടാന മൂന്നു വീടുകള്‍ അടിച്ച് തകര്‍ത്തു. പളനി, അയ്യമ്മാള്‍, അബ്ദുല്‍ സലാം എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. അബ്ദുല്‍ സലാമിന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന അടുക്കുള വശത്തെ ഭിത്തി തകര്‍ത്ത് അകത്ത് കടക്കുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഇറങ്ങി ഓടുകയും സലാം പടക്കം പൊട്ടിച്ച് ആനയെവിരട്ടി ഓടിക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് മുകള്‍ ഭാഗത്തായിട്ടുള്ള രണ്ട് വീടുകള്‍ക്ക് നേരെ ആക്രണമണമുണ്ടായത്.
അടിക്കടി കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നതിനാല്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും വൈകുന്നേരമാകുന്നതോടെ വൈദ്യുതിയും ഇല്ലാതാവുന്നതോടെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
ആദിവാസി സെറ്റില്‍മെന്റ് കോളനിയായ ഇവിടെ പത്ത് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ആനശല്യം രൂക്ഷമായിരിക്കുന്നതെന്ന് ആദിവാസി മൂപ്പന്‍ പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലേക്കും കുട്ടികളെ അയക്കാന്‍ മാതാപിതാക്കള്‍ മടിക്കുന്ന അവസ്ഥയുണ്ട്.
പകല്‍ പോലും ഭയന്നാണ് കഴിയുന്നതെന്നും അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു. ഇത്തരത്തില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ജീവിതം വഴിമുട്ടിയ പ്രദേശവാസികള്‍ എന്തു ചെയ്യണന്നറിയാതെ നട്ടംതിരിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."