ലോകബാങ്ക് വായ്പ എടുക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന പുനര്‍നിര്‍മാണത്തിന് ലോകബാങ്കില്‍ നിന്നും വായ്പ എടുക്കുന്നത് ഉള്‍പ്പെടെയുള്ള കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുടെ രൂപരേഖ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
27, 28 തിയതികളില്‍ ഡല്‍ഹിയില്‍ ലോകബാങ്ക് പ്രതിനിധികളുമായി വായ്പ സംബന്ധിച്ച് അന്തിമചര്‍ച്ച നടത്തും. വനം, പരിസ്ഥിതി സംരക്ഷണത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന വികസനം അടങ്ങിയ നിര്‍ദേശങ്ങള്‍ കൂടി അവസാന റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ.വി.വേണുവിന്റെ നേതൃത്വത്തില്‍ തയാറാക്കിയ രൂപരേഖയില്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്ര സംഘടനകളുടെ വിവിധ ഏജന്‍സികള്‍ സഹകരിച്ചിരുന്നു.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള സമഗ്രമായ പ്രവര്‍ത്തന പദ്ധതിയാണ് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകരിച്ചത്. പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മാണമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെയും പരിപാടികളെയും യോജിപ്പിച്ചുകൊണ്ടാണ് പുനര്‍നിര്‍മാണം നടപ്പാക്കുക. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആള്‍ നാശം തീരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അതോടൊപ്പം സാമ്പത്തിക നഷ്ടം പരമാവധി കുറയ്ക്കും. നിലവിലുള്ള പശ്ചാത്തല സംവിധാനങ്ങള്‍ ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷി കുറഞ്ഞതാണന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തെ പുനര്‍നിര്‍മിക്കുമ്പോള്‍ റോഡുകള്‍ എങ്ങനെ വേണം എന്നു രൂപരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കിലോമീറ്ററിന് അഞ്ചു കോടി മുതല്‍ ആറു കോടി വരെ ചെലവു വരുന്ന ഡിസൈന്‍ റോഡുകള്‍ നിര്‍മിക്കാനാണു നിര്‍ദേശം. നദീജല സംരക്ഷണ അതോറിറ്റി രൂപീകരിക്കാനും 2.25 ഹെക്ടറില്‍ കൂടുതലുള്ള തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കാനും രൂപരേഖയില്‍ നിര്‍ദേശമുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന് ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കും. ജലവിഭവ മാനേജ്‌മെന്റിന്റെ ഭാഗമായി റിവര്‍ ബേസിന്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിക്കും. ജലസംഭരണികളിലെ വെള്ളത്തിന്റെ നിയന്ത്രണത്തിന് കേന്ദ്രീകൃത കമാന്റ് സെന്റര്‍ സ്ഥാപിക്കും. ഡാം സേഫ്റ്റി അതോറിറ്റിയെ ശക്തിപ്പെടുത്തും. ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശവും കരട് രേഖയിലുണ്ട്.ജലവിതരണം മെച്ചപ്പെടുത്തല്‍, ശുചീകരണ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തല്‍, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിര്‍മിക്കല്‍, കൃഷിരീതികള്‍ മെച്ചപ്പെടുത്തല്‍, പാവപ്പെട്ടവരുടെ ജീവനോപാധി മെച്ചപ്പെടുത്തല്‍, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ എന്നിവയെല്ലാം പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി നിര്‍ദേശിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും രേഖ മുന്നോട്ടുവയ്ക്കുന്നു.
യു.എന്‍. ഏജന്‍സികള്‍ നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (പി.ഡി.എന്‍.എ) പ്രകാരം 36,706 കോടി രൂപയാണ് പുനര്‍നിര്‍മാണത്തിന് ആവശ്യമായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."