ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് സഊദി; 2,27,000 പേര്‍ക്ക് ആഭ്യന്തര ഹജ്ജിന് അവസരം
ജിദ്ദ: ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് സഊദി ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് സഊദി ആരെയും വിലക്കാറില്ല. ഇത്തരമൊരു നടപടി തങ്ങളുടെ ഭാഗത്തു നിന്ന് മുമ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവുകയുമില്ല.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ ഒഴുക്ക് എളുപ്പമാക്കുന്നതിനും തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും നടത്തുന്ന ശ്രമങ്ങളാണ് ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് ആവശ്യപ്പെടുന്നവര്‍ക്കുള്ള ഏറ്റവും ശക്തമായ മറുപടി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്നു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും രാജ്യം നല്‍കി വരുന്നു. ഖത്തര്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാവിധ ഇളവുകളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ തീര്‍ഥാടകര്‍ക്കു മുന്നില്‍ സഊദി അറേബ്യ ഒരുവിധ പ്രതിബന്ധങ്ങളും ബാധകമാക്കിയിട്ടില്ല.
സഊദി ഉംറ സര്‍വിസ് കമ്പനികളുടെ വിദേശ ഏജന്‍സികള്‍ക്കുള്ള ബാങ്ക് ഗാരണ്ടി വ്യവസ്ഥയില്‍ ഹജ്ജ്, ഉംറ മന്ത്രാലയം അടുത്തിടെ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ധാരണാപ്രകാരമുള്ള മുഴുവന്‍ സേവനങ്ങളും തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഉറപ്പു വരുത്തുന്നതിനും തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് വിദേശ ഏജന്‍സികള്‍ക്ക് ബാങ്ക് ഗാരണ്ടി ബാധകമാക്കിയിരുന്നത്. നിരവധി ഉംറ സര്‍വിസ് കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദേശ ഏജന്‍സികള്‍ക്കുള്ള ബാങ്ക് ഗാരണ്ടിയില്‍ ഭേദഗതികള്‍ വരുത്തിയത്. ഇതു പ്രകാരം വിദേശ ഏജന്‍സികള്‍ ബാങ്ക് ഗാരണ്ടി കെട്ടിവയ്‌ക്കേണ്ടതില്ല. പകരം ബാങ്ക് ഗാരണ്ടി നല്‍കും എന്ന് ഉറപ്പു നല്‍കുന്ന പ്രത്യേക ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മാത്രം മതി.
സഊദി ഉംറ സര്‍വിസ് കമ്പനികള്‍ ആവശ്യപ്പെടുന്ന പക്ഷം മാത്രമാണ് ആ കമ്പനികളുടെ വിദേശ ഏജന്‍സികളെ ബാങ്ക് ഗാരണ്ടി വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഉംറ തീര്‍ഥാടകര്‍ രാജ്യത്തെത്തി തിരിച്ചുപോകുന്നതു വരെയുള്ള കാലത്ത് അവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സഊദി സര്‍വിസ് കമ്പനികള്‍ക്കായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുണ്യസ്ഥലങ്ങളുടെ വികസനത്തിന് മശാഇര്‍ അല്‍മുഖദ്ദസ ഡെവലപ്മെന്റ് കമ്പനി എന്ന പേരില്‍ പുതിയ കമ്പനി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സഊദി ഉംറ സര്‍വിസ് കമ്പനികള്‍ക്ക് വിദേശ ഏജന്‍സികളില്ലാത്ത രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കു വേണ്ടി മഖാം പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ടല്‍ വഴി സഊദി ഉംറ കമ്പനികളുടെ പാക്കേജുകള്‍ തെരഞ്ഞെടുത്ത് പണമടച്ച് സഊദിയിലേക്ക് വരുന്നതിനും ഉംറ നിര്‍വഹിക്കുന്നതിനും വിദേശികള്‍ക്ക് സാധിക്കും. ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് ബുക്കിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനും ഹജ്ജ്, ഉംറ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഈ പ്ലാറ്റ്ഫോം വഴി അനുയോജ്യമായ നിരക്കുകളിലുള്ള പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നതിനും വിദേശ ഏജന്‍സികളെ സമീപിക്കാതെ ഓണ്‍ലൈന്‍ വഴി ഉംറ വിസ നേടുന്നതിനും തീര്‍ഥാടകര്‍ക്ക് സാധിക്കും. സഊദി ഉംറ സര്‍വിസ് കമ്പനികള്‍ മുഴുവന്‍ പാക്കേജുകളും ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് ബുക്കിങ്് പ്ലാറ്റ്ഫോമില്‍ പരസ്യപ്പെടുത്തും.
ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കുള്ള ഇട്രാക്ക് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം സഊദി അറേബ്യക്കകത്തു നിന്ന് 2,27,000 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. 190 ഹജ്ജ് സര്‍വിസ് കമ്പനികള്‍ വഴിയാണ് ഇവര്‍ക്ക് സേവനങ്ങള്‍ നല്‍കുക. ഹജ് സര്‍വിസ് കമ്പനികള്‍ നല്‍കുന്ന സേവനങ്ങളും വ്യത്യസ്ത പാക്കേജുകളും നിരക്കുകളും പരിശോധിക്കുന്നതിനും അറിയുന്നതിനുമുള്ള അവസരമാണ് നിലവില്‍ ഇട്രാക്കിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."