പേര്യ മേഖലയില്‍ കറപ്പത്തോല് കടത്ത് വ്യാപകമെന്ന്
മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പേര്യ റെയ്ഞ്ചിന് കീഴില്‍ കറപ്പത്തോല് ചെത്തി കടത്തുന്ന സംഘം സജീവം. എന്നാല്‍ ഇതിനെതിരേ നടപടിയെടുക്കേണ്ട വനം വകുപ്പ് നിസംഗത തുടരുകയാണെന്ന ആരോപണവും ശക്തമാണ്.
വരയാല്‍ ഫോറസ്റ്റ് സെക്ഷന്‍ കീഴിലാണ് രാപ്പകല്‍ ഭേദമില്ലാതെ കറപ്പത്തോല് ചെത്തുന്നത്. പകല്‍ ചെത്തുന്ന തോല് ചാക്കിലാക്കി രാത്രിയിലാണ് വാഹനങ്ങളില്‍ കടത്തുന്നത്. നാല്‍പ്പത്തിരണ്ടിലെ ചെക്ക് പോസ്റ്റ് ഒഴിവാക്കാനായി ഊടു വഴികളിലൂടെയാണ് കറപ്പത്തോല് കടത്തുന്നത്.
അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കാക്കുന്ന എസ്റ്റേറ്റ്, വനഭൂമി എന്നിവിടങ്ങളില്‍ നിന്നാണ് തോല് ചെത്തുന്നത്. വനം വകുപ്പ് ദിവസവും ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും കറപ്പത്തോല് ചെത്തുന്നത് മാത്രം കാണാറില്ല. കുളര് മാവിന്റെ തോലും ചെത്തുന്നവയില് ഉള്‍പ്പെടും. വനം വകുപ്പിന്റെ അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ കറപ്പതോല് മരങ്ങള്‍ ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമാകാനിടയാക്കിയേക്കുമെന്നതിനാല് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."