സ്‌കൂള്‍ പ്രവേശനത്തിന് തലവരിപ്പണമോ സ്‌ക്രീനിങ് ടെസ്‌റ്റോ അനുവദിക്കില്ല: ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ സ്‌ക്രീനിങ് ടെസ്റ്റ് നടത്തുകയോ ചെയ്യുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സുരേഷ്.
എട്ടാം ക്ലാസുവരെ വിദ്യാര്‍ഥികളില്‍ നിന്ന് നിര്‍ബന്ധിത ധനശേഖരണം നടത്തുന്നതും കുറ്റകരമാണ്. ഇത്തരം പരാതികളില്‍ കമ്മിഷന്‍ വിട്ടുവീഴ്ച ചെയ്യില്ല. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ നടപടികള്‍ പൂര്‍ണമായും നിയമാനുസൃതമായിരിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ നല്‍കാനുള്ള നിയമാനുസൃതമായ ഫീസോ മറ്റു തുകയോ അടച്ചില്ലെന്ന കാരണത്താല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക് ലിസ്റ്റോ അവശ്യരേഖകളോ തടഞ്ഞുവയ്ക്കാന്‍ പ്രധാനാധ്യാപകന് അധികാരമില്ലെന്നും കമ്മിഷന്‍ ഉത്തരവിറക്കി.
മഴക്കാലത്ത് സ്‌കൂള്‍ കുട്ടികള്‍ യൂണിഫോമിന്റെ ഭാഗമായി ഷൂസും സോക്‌സും ധരിക്കുന്നത് നിര്‍ബന്ധിക്കുന്നത് വിലക്കിയും കമ്മിഷന്‍ ഉത്തരവിറക്കി. കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുറയ്ക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് അനുസരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്റെ ഉത്തരവു പ്രകാരം അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പൊതുമരാമത്തു വകുപ്പിന്റെയോ തദ്ദേശഭരണ സ്ഥാപനത്തിന്റെയോ എന്‍ജിനീയര്‍ പരിശോധിച്ച് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സുരക്ഷാഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് പിടിഎയുടെ അംഗീകാരത്തോടെ പ്രഥമാധ്യാപകന്‍ നടപടി സ്വീകരിക്കണം.
സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങളും സുരക്ഷയും ഫിറ്റ്‌നസ്സും ഉറപ്പുവരുത്തണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. കുട്ടികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്ന സ്വകാര്യ ബസുടമകള്‍ക്കും ജീവനക്കാര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണം. സ്‌കൂള്‍ ബസുകളുടെ ഡ്രൈവര്‍മാരുടെ പേരും ലൈസന്‍സ് നമ്പരും സ്‌കൂളില്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."