HOME
DETAILS
MAL
ഫേസ്ബുക്കിലെ വ്യാജ ലിങ്ക് വഴി തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് നിരവധിപേര്‍
backup
October 09 2020 | 04:10 AM
കോഴിക്കോട്: ഫേസ്ബുക്കില്‍ വ്യാജ ലിങ്കുകള്‍ നിര്‍മിച്ച് പണം തട്ടുന്നത് വ്യാപകമാകുന്നു. കുറഞ്ഞ നിരക്കില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്നുവെന്ന വ്യാജേനയാണ് സംഘം പണം തട്ടുന്നത്.
സംസ്ഥാനത്ത് നിരവധി പേര്‍ക്കാണ് ഇതുമൂലം പണം നഷ്ടപ്പെട്ടത്. കുറഞ്ഞ വിലയ്ക്ക് ലോകോത്തര ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ഷൂ, ചെരുപ്പ് തുടങ്ങിയവയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചാണ് തട്ടിപ്പു സംഘം ആളുകളെ ആകര്‍ഷിക്കുന്നത്. ഫേസ്ബുക്ക് ടൈംലൈനുകളില്‍ നോട്ടിഫിക്കേഷന്‍ നല്‍കുകയും സജീവമായ അക്കൗണ്ടുകളിലേക്ക് അവരുടെ അഭിരുചിക്കനുസരിച്ച ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകള്‍ അയയ്ക്കുകയും ചെയ്യുന്നതാണ് തട്ടിപ്പു സംഘത്തിന്റെ രീതി.
ടൈംലൈനില്‍ തന്നെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുകയും ബുക്ക് ചെയ്യാനുള്ള ലിങ്ക് നല്‍കുകയും ചെയ്യും. ലിങ്ക് തുറക്കുന്നയാള്‍ക്കു വേണ്ട സാധനങ്ങള്‍ തെരഞ്ഞെടുത്ത ശേഷം ഓണ്‍ലൈന്‍ വഴി പണമടയ്ക്കണം. ഉപഭോക്താവ് കൊടുത്ത വിലാസത്തില്‍ സാധനം വീട്ടിലെത്തിക്കുമെന്നാണ് വാഗ്ദാനം.
എന്നാല്‍ മാസങ്ങള്‍ക്കു ശേഷവും സാധനം എത്താതായതോടെയാണ് തട്ടിപ്പ് മനസിലാക്കിയ പലരും പരാതിയുമായി രംഗത്തെത്തിയത്. കൂടാതെ പലരും ഇത് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയും ചെയ്തതോടെ ഇതിനു മുമ്പ് തട്ടിപ്പിന് ഇരകളായവരും പരാതിയുമായി രംഗത്തുവന്നു.
ഒരു മാസം മുമ്പാണ് ഒരു കാസര്‍കോട് സ്വദേശിനി സത്യ ഓണ്‍ലൈന്‍ എന്ന ലിങ്കു വഴി വസ്ത്രത്തിന് ഓര്‍ഡര്‍ നല്‍കിയത്. 500 രൂപ ഓണ്‍ലൈന്‍ വഴി അടയ്ക്കുകയും ചെയ്തു.
വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഒരു മാസത്തോളം കാത്തിരുന്നിട്ടും ഉല്‍പന്നം എത്താതായതോടെയാണ് ഇവര്‍ ഫേസ്ബുക്കില്‍ തട്ടിപ്പു വിവരം പങ്കുവച്ചത്. അതേസമയം ഒരു വര്‍ഷം മുമ്പ് സമാന രീതിയില്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്ത കണ്ണൂര്‍ സ്വദേശിക്ക് വസ്ത്രത്തിന് പകരം രണ്ടു കഷണം തുണി ലഭിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. പണം ആദ്യം അയച്ചുകൊടുത്ത ശേഷം ഉല്‍പന്നം എത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ അവഗണിക്കണമെന്ന് നേരത്തെ തന്നെ പൊലിസിന്റെ സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഷ് ഓണ്‍ ഡെലിവറി സമ്പ്രദായമുള്ള ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ ഉപയോഗിക്കാനും സൈബര്‍ ഡോം നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."