അടിമാലിയില്‍ വീടുകളില്‍ മോഷണം; രണ്ടുപേര്‍ പിടിയില്‍
അടിമാലി: മോഷണക്കേസില്‍ രണ്ടുപേരെ പൊലിസ് പിടികൂടി. അടിമാലി കാംകോ ജംഗ്ഷനില്‍ നെടുക്കുടി വീട്ടില്‍ അനന്തു എന്‍.ജെ(19), മച്ചിപ്ലാവ് സ്‌കൂള്‍പടി മറ്റത്തില്‍ വില്‍ഫ്രഡ്(23) എന്നിവരെയാണ് അടിമാലി സി.ഐ പി.കെ.സാബുവിന്റെ നേത്യത്വത്തിലുളള പൊലിസ് സംഘം പിടികൂടിയത്.
അടിമാലി സ്റ്റേഷന്‍ പരിതിയില്‍ അടുത്തിടെ പകല്‍ സമയങ്ങളില്‍ വ്യാപകമായി മോഷണം നടന്നിരുന്നു. പകല്‍ ആളില്ലാത്ത സമയങ്ങളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് മോഷണം നടന്നിരുന്നത്. ടൗണിലെ സ്വര്‍ണ്ണപണയ സ്ഥാപനങ്ങളില്‍ പണയംവെച്ചവരുടെ ലിസ്റ്റ് പരിശോധിച്ച പൊലിസ് ഒന്നിലേറെ തവണ സ്വര്‍ണ്ണം പണയംവെച്ച വില്‍ഫ്രഡിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണം തെളിഞ്ഞത്. വില്‍ഫ്രഡ് പൊലിസ് പടിയിലായതോടെ മുഖ്യപ്രതി അനന്തു തമിഴ്‌നാട്ടിലേക്ക് കാമുകിയുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കേരള -തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വെച്ചാണ് പിടിയിലായത്. മോഷിച്ച പണമുപയോഗിച്ച് ബൈക്കും മൊബൈല്‍ ഫോണും അനന്തു വാങ്ങിയിരുന്നു. ഈ ബൈക്കിലാണ് തമിഴ്‌നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചത്.
ആയിരമേക്കര്‍ മേച്ചേരില്‍ മണിയുടെ വീട് കുത്തിതുറന്ന് 4 പവന്‍ സ്വര്‍ണ്ണവും 3000 രൂപയും, പതിനാലാംമൈല്‍ പടയാട്ടില്‍ ജോയിയുടെ വീട്ടില്‍ നിന്ന് രണ്ടരപവന്‍ സ്വര്‍ണ്ണവും 20000 രൂപയും അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ 3000 രൂപയും മന്നാങ്കാല സ്വദേശി ജയന്റെ വീട്ടില്‍ നിന്ന് മോഷണം നടത്തിയതും ഇവരാണെന്ന് തെളിഞ്ഞു. അനന്തു മോഷ്ടിക്കുകയും വില്‍ഫ്രഡ് വില്‍പ്പന നടത്തുകയുമായിരുന്നു ഇവരുടെ പതിവെന്നും പൊലിസ് പറഞ്ഞു. അടിമാലി ടൗണില്‍ നൈറ്റ് കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ജോലി നോക്കിയിരുന്നവരാണ് പിടിയിലായവര്‍.മോഷണം നടത്തിയ സ്വര്‍ണ്ണവും പണവും പ്രതികളില്‍ നിന്ന് ലഭിച്ചതായി പൊലിസ് പറഞ്ഞു.പിടിയിലായ അനന്തു കഞ്ചാവ് കേസുകളിലും മറ്റും പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."