പൂമുഖം സംഘര്‍ഷം നിരപരാധികളെ വേട്ടയാടുന്നതായി പരാതി
ചേരാപുരം: വേളം പൂമുഖത്ത് ലീഗ് പ്രവര്‍ത്തകരും പൊലിസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നിരപരാധികളെ പൊലിസ് വേട്ടയാടുന്നതായി പരാതി. കഴിഞ്ഞ 29നാണ് വേളത്തെ പൂമുഖത്ത് ലീഗ് പ്രവര്‍ത്തകരും പൊലിസും ഏറ്റുമുട്ടിയത്.
എസ്.ഡി.പി.ഐയുടെ വാഹനജാഥ പുമുഖത്തുകൂടി കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷമാണ് പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ മൂന്നു പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കുകയും പൊലിസ് വാനിനും ജീപ്പിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കുറ്റ്യാടി പൊലിസ് കണ്ടാലറിയുന്ന 300 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. സംഭവത്തിനു ശേഷം പൂമുഖം, വലകെട്ട്, കാക്കുനി, തീക്കുനി, നമ്പാംവയല്‍ പ്രദേശങ്ങളില്‍ പൊലിസ് റെയ്ഡുകളും അറസ്റ്റുകളും തുടരുകയാണ്. 17 പേരുടെ അറസ്റ്റ് നിലവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
എന്നാല്‍ കുറ്റവാളികളെ പിടികൂടുന്നതിനു പകരം പൊലിസ് നിരപരാധികളായവരെ അറസ്റ്റ് ചെയ്യുകയാണെന്നും വീടുകളിലും മറ്റും അനാവശ്യ റെയ്ഡുകള്‍ നടത്തി പല പ്രദേശങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നുമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അറസ്റ്റിലായവരില്‍ ചിലര്‍ തീര്‍ത്തും നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
അതിനിടെ കഴിഞ്ഞ ദിവസം പ്രതികളെ തെളിവെടുപ്പിനെന്ന പേരില്‍ പൂമുഖത്ത് കൊണ്ടുവരികയും അവിടെ നിന്നു വലകെട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. വലകെട്ടിലെ എസ്.കെ.എസ്.എസ്.എഫ് വായനശാലയുടെ പിന്നില്‍നിന്നു ബോംബ് കണ്ടെത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതു പൊലിസ് നടത്തിയ നാടകത്തിന്റെ ഭാഗമായിരുന്നുവെന്നു പറയപ്പെടുന്നു.
പൊലിസിനെതിരേ നടന്ന ആക്രമണത്തെ പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അപലപിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സാധാരണക്കാരെയും നിരപരാധികളെയും പ്രയാസത്തിലാക്കുന്ന സമീപനത്തിനെതിരേ വിവിധ ഭാഗങ്ങളില്‍ നിന്ന് അമര്‍ഷം ഉയരുന്നുണ്ട്.
വേളം പഞ്ചായത്തിലെ പുത്തലത്തെ യൂത്ത് ലീഗിന്റെയും എസ്.കെ .എസ്.എസ്.എഫിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന കെ.പി നസീറുദ്ദീനെ എസ്.ഡി.പി.ഐക്കാര്‍ കഴിഞ്ഞ വര്‍ഷം കുത്തിക്കൊന്ന സംഭവമാണ് പൂമുഖത്തെ സംഘര്‍ഷത്തിന്റെ മൂലകാരണം. ഇക്കഴിഞ്ഞ 29ന് സംഘടനയുടെ വാഹനജാഥ പൂമുഖം വഴി കടന്നുപോകാനുള്ള നീക്കമുണ്ടാവുകയും അത് തടയാനായി ലീഗ് പ്രവര്‍ത്തകര്‍ സംഘടിക്കുകയുമായിരുന്നു.
തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിട്ടും എസ്.ഡി.പി.ഐ ജാഥയ്ക്ക് അനുവാദം നല്‍കിയ പൊലിസ് നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതിനിടെ പൂമുഖം സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.എം തങ്ങളെ ആക്ഷേപിക്കുകയും തീവ്രവാദികളെ വെള്ളപൂശുകയും ചെയ്യുകയാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. നിരപരാധികളായ ആളുകളെ പൊലിസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."