പനിച്ചുവിറച്ച് നന്മണ്ടയും കൂരാച്ചുണ്ടും എട്ടു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
ബാലുശ്ശേരി: നന്മണ്ട, കൂരാച്ചുണ്ട് എന്നീ പ്രദേശങ്ങളില്‍ പനി പടര്‍ന്നു പിടിക്കുന്നു. ചികിത്സ തേടിയവരില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്ന എട്ടു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പനി വ്യാപകമായതോടെ വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും ദിവസവും നിരവധി പേരാണ് പനി ബാധിതരായി എത്തുന്നത്. നന്മണ്ട പഞ്ചായത്തിലെ അഞ്ച്, ഒന്‍പത്, പതിമൂന്ന്, പതിനാല് വാര്‍ഡുകള്‍, കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, പൂവത്തും ചോല, വട്ടച്ചിറ എന്നിവിടങ്ങളിലാണ് പനി വ്യാപകമായിട്ടുള്ളത്.
പേരാമ്പ്ര താലൂക്ക് ആശുപത്രി, ഇ.എം.എസ് സഹകരണ ആശുപത്രി, ബാലുശ്ശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രാഥ മിക ചികിത്സ തേടിയെത്തിയവരില്‍ ഡെങ്കിപ്പനിയുള്ളതായി സംശയമുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി അയച്ചു. ഇരുനൂറിലധികം പേര്‍ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം.
പനി പടരുന്നത് തടയുന്നതിന് ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം ഈ വര്‍ഷത്തെ വേനലില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അതിനു തക്കതായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാരുടെ പ്രതികരണം. കൊതുക് നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപവുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങള്‍ എം.കെ രാഘവന്‍ എം.പി സന്ദര്‍ശിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ നടപടികള്‍ ഉടനെ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."