സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ ഭീഷണിയാവുന്നു
പൂച്ചാക്കല്‍: അമിതഭാരവും മൂടിക്കെട്ടാതെയും പോകുന്ന വാഹനങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം പള്ളിപ്പുറത്ത് അമിതമായി ഇരുമ്പു വീപ്പകള്‍ കയറ്റി വന്ന ലോറി വൈദ്യുതി തൂണിലിടിച്ച് തൂണും വൈദ്യുത കമ്പികളും തകര്‍ത്തിരുന്നു.
വാഹനത്തിന് കയറ്റാവുന്നതിലും അധികം ഭാരത്തിലും ഉയരത്തിലുമാണ് സാധനങ്ങള്‍ കയറ്റി വണ്ടികള്‍ ഓടുന്നത്. തടി, ആക്രി, ഗ്രാവല്‍, ഇഷ്ടിക, കയര്‍, ചകിരി തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ ഇങ്ങനെ കയറ്റിക്കൊണ്ടു പോകുന്നുണ്ട്. എതിരെയുള്ള വാഹനം കാണാനാകാത്ത വിധം ഉയരത്തില്‍ ഭാരം കയറ്റുന്നത് വലിയ അപകട ഭീഷണിയാണ്.
ഇവ വൈദ്യുതി, ടെലിവിഷന്‍ കേബിളുകളില്‍ തട്ടുന്ന പതിവുമുണ്ട്. അമിതമായി കയറ്റിപ്പോകുന്ന തടി, ചാക്ക്‌കെട്ടുകള്‍ തുടങ്ങിയ ഓട്ടത്തിനിടെ അഴിഞ്ഞു വീണാല്‍ അത് വന്‍ അപകടങ്ങള്‍ക്കും കാരണമാകും.
ഗ്രാവല്‍, ചകിരി തുടങ്ങിയവ മൂടാതെ പോകുമ്പോള്‍ അവ കാറ്റില്‍ പറന്ന് മറ്റു യാത്രക്കാരുടെ കണ്ണിലും ദേഹത്തും വീഴുന്ന അവസ്ഥയുണ്ട്. പരിസര മലിനീകരണത്തിനും ഇടയാക്കുന്നുണ്ട്. ഇതിനെതിരെ പൊലിസും മോട്ടോര്‍വാഹന വകുപ്പ് അധികൃതരും പരിശോധന ശക്തമാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."