എം.ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യം ചെയ്തു; ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തു സംസ്ഥാനത്ത് വിതരണം ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും.
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ശിവശങ്കരനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ഈന്തപ്പഴ വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയരക്ടര്‍ ടി വി അനുപമയെ തിരുവനന്തപുരത്ത് വെച്ച് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍സുലേറ്റ് നല്‍കിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തതെന്നാണ് അനുപമ മൊഴി നല്‍കിയിരുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേരില്ല. എന്നാല്‍ ഗുരുതരമായ ചില കണ്ടെത്തലുകളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ് ശിവശങ്കരന് വലിയ തിരിച്ചടിയാണ്.
സ്വപ്നയ്ക്ക് ലഭിച്ച മുപ്പത് ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിന്റെ കൂട്ടുടമ ശിവശങ്കരനാണെന്നതും സംശയങ്ങള്‍ ഇരട്ടിയാക്കുന്നു. അതുകൊണ്ടുതന്നെ ഇ.ഡിയുടെ പ്രതിപട്ടികയിലേക്ക് ശിവശങ്കരനും എത്തുമെന്നാണ് വിവരം.
ഇ.ഡിക്ക് പിന്നാലെ സി.ബി.ഐയും ശിവശങ്കറിനെതിരെ നീക്കം ആരംഭിച്ചിട്ടുണ്ട്. ലൈഫ് മിഷനിലേക്ക് ഹാബിറ്റാറ്റിനെ മാറ്റി യുണിടാക്കിനെ കൊണ്ടുവന്നതിന് പിന്നില്‍ സ്വപ്നയടക്കമുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിന് ശിവശങ്കരനും കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് സംശയം. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ സി.ബി.ഐയും ശിവശങ്കരനെ പ്രതിപട്ടികയിലേക്ക് കൊണ്ടുവന്നേക്കും.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി പരിഗണിക്കും. ഹരജി പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസം എന്‍ഫോഴ്മെന്റ് ഡയരക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."