ഉപതെരഞ്ഞെടുപ്പ്: 17ന് പ്രാദേശിക അവധി
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഇരിയംപാടം, ചെക്യാട് ഗ്രാമപഞ്ചായത്തിലെ പാറക്കടവ്, പന്തലായിനി ബ്ലോക്കിലെ വെങ്ങളം എന്നീ വാര്‍ഡുകളിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ 17ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
കൂടാതെ ഫാക്ടറികളിലും സ്വകാര്യമേഖലകളിലും ജോലി ചെയ്യുന്ന ഈ വാര്‍ഡുകളിലെ സമ്മതിദായകര്‍ക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേധാവികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
മദ്യനിരോധനം
17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഇരിയംപാടം, ചെക്യാട് ഗ്രാമപഞ്ചായത്തിലെ പാറക്കടവ്, പന്തലായിനി ബ്ലോക്കിലെ വെങ്ങളം എന്നീ വാര്‍ഡുകളില്‍ കേരള അബ്കാരി ചട്ടം ഉപവകുപ്പ് 54 (ആക്ട് 1-1977) പ്രകാരം ജില്ലാ കലക്ടറില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച് 15ന് വൈകിട്ട് അഞ്ചിന് ശേഷവും 16, 17, 18 തിയതികളിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പരിധിക്കുള്ളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസവുമാണ് സമ്പൂര്‍ണ മദ്യനിരോധനം. ഇത് ഉറപ്പുവരുത്തുന്നതിനായി പ്രസ്തുത വാര്‍ഡുകളിലെ ബാറുകള്‍, ഹോട്ടലുകള്‍, പാര്‍ലറുകള്‍, മദ്യവില്‍പന ശാലകള്‍ എന്നിവിടങ്ങളിലെ മദ്യത്തിന്റെ വില്‍പനയും വിതരണവും നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ട എല്ലാ ലൈസന്‍സികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണെന്ന് കോഴിക്കോട് അസി. എക്‌സൈസ് കമ്മിഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."