ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായപ്പോള്‍ തുണച്ചത് ബംഗാളും ഒഡീഷയും കര്‍ണാടകയും ബിഹാറും
ന്യൂഡല്‍ഹി: പകുതിയോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞതോടെ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരിക്കെ മുന്നണിയെ വീണ്ടും തുണച്ചത് ഉത്തരേന്ത്യക്ക് പുറത്തുള്ള ഹിന്ദി ഇതര സംസ്ഥാനങ്ങള്‍. ബി.ജെ.പിക്ക് ഏറ്റവുമധികം സ്വാധീനമുള്ള ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിക്ക് കഴിഞ്ഞ തവണത്തെ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രാദേശികകക്ഷികള്‍ക്ക് സ്വാധീനമുള്ള പശ്ചിമബംഗാള്‍, ഒഡീഷ, കര്‍ണാടക, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് പാര്‍ട്ടിയെ തുണച്ചത്. കഴിഞ്ഞതവണ ബി.ജെ.പിയുടെ 282 സീറ്റുകളുടെ പിന്‍ബലത്തില്‍ എന്‍.ഡി.എ 336 സീറ്റുകളാണ് നേടിയത്. ഇത്തവണ ബി.ജെ.പി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ പലസിറ്റിങ് സീറ്റുകളിലും പിന്നിലാണ്.
ആന്ധ്രാപ്രദേശ്- 2, മധ്യപ്രദേശ്- 4, മഹാരാഷ്ട്ര- 2, പഞ്ചാബ്- 4, ഉത്തര്‍പ്രദേശ്- 21 എന്നിങ്ങനെയാണ് ഇത്തവണ പിന്നില്‍ നില്‍ക്കുന്ന ബി.ജെ.പി സിറ്റിങ് സീറ്റുകള്‍. എന്നാല്‍, പശ്ചിമബംഗാള്‍- 16 , ബിഹാര്‍- 8, അസം- 2, ഹരിയാന- 2, കര്‍ണാടക- 6, ഒഡീഷ- 8, തെലങ്കാന- 4, ത്രിപുര- 2 എന്നിങ്ങനെയാണ് കഴിഞ്ഞതണ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നത്.
അസമില്‍ കഴിഞ്ഞതവണ ബി.ജെ.പിക്ക് ഏഴുസീറ്റുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ ഒമ്പത് സീറ്റുകളില്‍ മുന്‍പിലാണ്. ബിഹാറില്‍ 2014ല്‍ 22 സീറ്റുകളാണ് ലഭിച്ചതെങ്കില്‍ ഇപ്പോള്‍ 38 സീറ്റിലാണ് മുന്‍പില്‍. ആകെ 40 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 28 സീറ്റുള്ള കര്‍ണാടകയില്‍ 17 സീറ്റാണ് ബി.ജെ.പിക്ക് 2014ല്‍ ലഭിച്ചത്. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്ത് 23 സീറ്റുകളിലാണ് അവര്‍ മുന്‍പില്‍. 21 മണ്ഡലങ്ങളുള്ള ഒഡീഷയില്‍ ബി.ജെ.പിക്ക് ഒരുസീറ്റ് മാത്രമാണ് കഴിഞ്ഞതവണ ലഭിച്ചതെങ്കില്‍ ഇപ്പോള്‍ ഒന്‍പത് സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 2014ല്‍ രണ്ടുസീറ്റ് മാത്രം ലഭിച്ച ബംഗാളില്‍ ഇത്തവണ ബി.ജെ.പി 18 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്.
അതേസമയം, 80 മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 71 സീറ്റും നേടിയ ബി.ജെ.പി ഇപ്പോള്‍ 52 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശിലെ 29ല്‍ 27 സീറ്റും കഴിഞ്ഞതവണ നേടിയ ബി.ജെ.പി ഇപ്പോള്‍ 23 സീറ്റിലേ ലീഡ് ചെയ്യുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."