പേരിനു പോലുമില്ല ' സ്ത്രീ സൗഹൃദം '
സ്ത്രീ സുരക്ഷക്കും സ്ത്രീ സൗഹൃദത്തിനും പദ്ധതികള്‍ അനവധിയുണ്ട്. പക്ഷെ കാസര്‍കോടിനെ പേരിനു പോലും സ്ത്രീ സൗഹൃദ ജില്ലയെന്നു പറയാനാവില്ല. സ്ത്രീ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു നാഴികക്ക് നാല്‍പതുവട്ടം തറപ്പിച്ചു പറയുന്ന ഭരണാധികാരികളുള്ള നാട്ടില്‍ കാസര്‍കോടിനെ ചൂണ്ടിക്കാണിച്ച് പറയാനാവും ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കുന്നതിനു ഒരു പദ്ധതിയും ഇവിടെയില്ലെന്ന്. ജില്ലയിലെ നഗരങ്ങളില്‍ സുരക്ഷിതമായൊന്നു വിശ്രമിക്കാന്‍, കുട്ടികളെ സ്വസ്ഥമായൊന്നു മുലയൂട്ടാന്‍, മനം പിരട്ടാതെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരുന്നു ഈ നാട്ടിലെ സ്ത്രീകള്‍ക്ക്
ഒന്നിരിക്കണമെങ്കില്‍ എന്തു കഷ്ടപ്പാടാണ്....
സ്ത്രീചിന്തകളില്ലാത്ത നിര്‍മാണവും നവീകരണവും കാസര്‍കോടിനെ
സ്ത്രീപക്ഷത്തു നിന്ന് അകറ്റുകയാണ്
കാസര്‍കോട്: ദീര്‍ഘയാത്ര കഴിഞ്ഞു ബസ് സ്റ്റാന്റുകളിലെത്തി ഇരിക്കണമെന്നു തോന്നിയാല്‍ സ്ത്രീജനം വട്ടം ചുറ്റും. സ്ത്രീകള്‍ക്കു മാത്രമായി വിശ്രമ സ്ഥലമില്ലാത്ത ബസ് സ്റ്റാന്റുകളാണ് പലതും. തൃക്കരിപ്പൂരില്‍ ഈയിടെ നവീകരിച്ചതിനാല്‍ ഇരിപ്പിടമൊക്കെയുണ്ട്. പക്ഷെ വിരലിലെണ്ണാവുന്നതിലപ്പുറം സ്ത്രീകള്‍ സ്റ്റാന്റിലെത്തിയാല്‍ ക്ഷീണം നിന്നുതന്നെ തീര്‍ക്കണം.
നീലേശ്വരത്തും ചെറുവത്തൂരിലും കാഞ്ഞങ്ങാടും കാസര്‍കോടും ബദിയടുക്കയിലും ഉപ്പളയിലും ബസ് സ്റ്റാന്റുകളിലെ അവസ്ഥ ദുരിത പൂര്‍ണമാണ്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ സിമന്റു തൂണുകളുടെ ചുറ്റും ഉറപ്പിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബാണ് ഇരിപ്പിടം.
സ്ത്രീകള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളില്ലാത്തിനാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും ഏറെയാണ്. ഇവിടെ സ്ത്രീകള്‍ക്കു പ്രത്യേക ശുചിമുറിയുണ്ടെങ്കിലും ശുചിമുറിക്കു പുറത്തു പുരുഷന്‍മാര്‍ ബസു കാത്തുനില്‍ക്കുന്നതു മൂലം സ്ത്രീകള്‍ക്ക് അതുപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയുമുണ്ട്. ചെര്‍ക്കള ബസ് സ്റ്റാന്റില്‍ പേരിനു ശുചിമുറി സൗകര്യമുണ്ടെങ്കിലും ഉപ്പളയിലും ബദിയടുക്കയിലും അവസ്ഥ ദയനീയമാണ്.
ബദിയടുക്കയില്‍ ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലുള്ള ബസു കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കെന്നല്ല ആര്‍ക്കും സുരക്ഷിതത്വമില്ല. നീലേശ്വരത്തും കാഞ്ഞങ്ങാടും ഇരിക്കാന്‍ പോയിട്ടു നില്‍ക്കാന്‍ കൂടി സൗകര്യമില്ലാത്ത അവസ്ഥയാണ്. കാഞ്ഞങ്ങാട്ടെ ശുചിമുറിയുടെ കാര്യം പരമ ദയനീയമാണ്. മുലയൂട്ടാനുള്ള സൗകര്യമുള്ള സ്ഥലങ്ങളടക്കം സജ്ജീകരിച്ചു ബസ് സ്റ്റാന്റുകളും പൊതു ഇടങ്ങളിലെ വിശ്രമ മുറികളും മാറ്റണമെന്ന നിര്‍ദേശം ജില്ലയില്‍ പേരിനുപോലും നടപ്പായിട്ടില്ല. നവീകരണമെന്നാല്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കലായി മാറുന്നു. സ്ത്രീ ചിന്തകളില്ലാത്ത നിര്‍മാണവും നവീകരണവും കാസര്‍കോടിനെ സ്ത്രീ പക്ഷത്തു നിന്ന് അകറ്റുകയാണ്.
വുമണ്‍സ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ താല്‍ക്കാലികം; ജാഗ്രതാ സമിതികള്‍ ചേരാറേയില്ല
കാസര്‍കോട്: വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു നിയമ പരിരക്ഷ നല്‍കുന്നതിനുള്ള വുമണ്‍സ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കു കാസര്‍കോട് താല്‍ക്കാലിക ചുമതല.
ജില്ലയിലെ സ്ത്രീ പ്രശ്‌നങ്ങളില്‍ ഉചിതമായ മാര്‍ഗനിര്‍ദേശം നില്‍കേണ്ട വുമണ്‍സ് പ്രൊട്ടക്ഷന്‍ ഓഫിസറായി കണ്ണൂരിന്റെ ചുമതലയുള്ളവര്‍ക്കാണ് കാസര്‍കോടിന്റെയും ചുമതല നല്‍കിയിരിക്കുന്നത്. സുപ്രധാന ചുമതലയുള്ള ഈ വിഭാഗത്തെ അവഗണിച്ച് എങ്ങനെ സ്ത്രീ പ്രശ്‌നങ്ങള്‍ക്കു പരിഹാരവും ജില്ല സ്ത്രീ സൗഹൃദവുമാവുമെന്നാണ് ചോദ്യം ഉയരുന്നത്.
കണ്ണൂര്‍ ജില്ലയുടെ ചുമതല കൂടി നോക്കേണ്ടതിനാല്‍ പലപ്പോഴും ജില്ലയിലെ പ്രശ്‌നങ്ങള്‍ക്കു ചെവികൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സ്ത്രീ സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി പ്രധാന ഇടപെടല്‍ നടത്തേണ്ട ഉദ്യോഗസ്ഥ മേധാവി കാസര്‍കോട് താല്‍ക്കാലിക ചുമതല വഹിക്കുന്നതു സ്ത്രീ രക്ഷക്കു മുന്നിട്ടിറങ്ങിയ സര്‍ക്കാരിനു തന്നെ നാണക്കേടാണ്.
സ്ത്രീ പ്രശ്‌നങ്ങളും പൊതു പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യേണ്ട പഞ്ചായത്തുതല ജാഗ്രതാ സമിതികള്‍ കാസര്‍കോട് ജില്ലയില്‍ നടക്കാറേയില്ല. വാര്‍ഡുതലത്തില്‍ നടക്കുന്ന ജാഗ്രതാ സമിതികളില്‍ ഗാര്‍ഹിക പീഡനമടക്കം ചര്‍ച്ച ചെയ്യേണ്ടതാണെന്നും അവിടെ തന്നെ പരിഹാരം കാണേണ്ടതുമാണെന്നും സാമൂഹ്യ നീതി വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ജില്ലയിലെ ജാഗ്രതാ സമിതികള്‍ അനങ്ങിയിട്ടില്ല. പല പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടു കൂടിയില്ല.
നോക്കി നടത്താന്‍ ആളില്ല,
ശുചിമുറി അടഞ്ഞു തന്നെ
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റിലെ ശുചിമുറി അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ബസ് സ്റ്റാന്റിലെ ശുചിമുറിയില്‍ സൗകര്യങ്ങളെല്ലാം ഉണ്ടെങ്കിലും നോക്കി നടത്തിപ്പിനു ആളെ കിട്ടാത്തതാണു ശുചിമുറി തുറക്കാത്തതിനു കാരണണെന്നാണ് അധികൃതരുടെ വാദം. പല തവണ ലേലം നടത്തിയിട്ടും നടത്തിപ്പിനു ആളുകളെത്തിയില്ല.
തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റില്‍ എത്തുന്നവര്‍ പ്രാഥമിക ആവശ്യം നിര്‍വഹിക്കുന്നത് പൊതു ഇടങ്ങളിലാണ്. തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റിലെ ശുചിമുറികള്‍ക്കും താഴു വീണിട്ടു മാസങ്ങളായി.
ശുചിമുറി തുറക്കുന്നതിനായി യുവജനസംഘടനകള്‍ സമരം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല.
മത്സ്യമാര്‍ക്കറ്റിലും ദുരിതം
നീലേശ്വരം: ജില്ലയിലെ മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ അനുഭവിക്കുന്നതു കടുത്ത ദുരിതമാണ്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവര്‍ തൊഴില്‍ ചെയ്യുന്നത്. നീലേശ്വരത്തെയും തൃക്കരിപ്പൂരിലെയും കാസര്‍കോടെയും മത്സ്യമാര്‍ക്കറ്റുകളില്‍ മത്സ്യവില്‍പന നടത്തുന്ന സ്ത്രീകളുടെ അവസ്ഥ ദയനീയമാണ്.
സ്ത്രീ സുരക്ഷയും സൗഹാര്‍ദ്ദവും പോയിട്ട് തൊഴിലിടങ്ങളില്‍ ഒരുക്കേണ്ട പ്രാഥമിക സൗകര്യം പോലും മിക്ക സ്ഥലങ്ങളിലുമില്ല. തൃക്കരിപ്പൂരിലും നീലേശ്വരത്തും മഴയും വെയിലുമേറ്റാണു ജോലി ചെയ്യുന്നത്.
തൃക്കരിപ്പൂരില്‍ ശുചിമുറി അടച്ചു പൂട്ടി. നീലേശ്വരത്ത് അങ്ങനെയൊന്നില്ല.
കാസര്‍കോടെ മത്സ്യ മാര്‍ക്കറ്റില്‍ വെയിലും മഴയുമേറ്റാണു കച്ചവടം. പകര്‍ച്ച വ്യാധികളടക്കം പിടിപെടാനുള്ള അന്തരീക്ഷത്തിലാണ് മിക്കയിടത്തും തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.
മുലയൂട്ടാന്‍ ' സ്വയം മറ ' യാവണം
നീലേശ്വരം: ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മുലയൂട്ടാന്‍ 'സ്വയം മറ'യാവേണ്ട അവസ്ഥയിലാണ് ഇവിടുത്തെ പെണ്‍ ജന്മങ്ങള്‍.
പൊതു ഇടങ്ങളില്‍ മുലയൂട്ടാന്‍ സൗകര്യമൊരുക്കണമെന്ന് സാമൂഹ്യ നീതി വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ജില്ലയില്‍ നടപ്പിലാക്കിയത് ചെറുവത്തൂര്‍ പഞ്ചായത്തില്‍ മാത്രം.
കൊത്തിപ്പറിക്കുന്ന കണ്ണുകളില്‍ നിന്നു രക്ഷപ്പെടാന്‍ സ്വയം മറയാകുന്ന സ്ത്രീ ജന്മങ്ങളുള്ള നാട് എന്നു ശരിയാവുമെന്നാണ് ഉയരുന്ന ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."