പിറവത്തെ ഇഷ്ടിക കളങ്ങളെക്കുറിച്ചുള്ള ഉപസമിതിയുടെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കം
കൊച്ചി: ഇഷ്ടികക്കളങ്ങള്‍ മൂലം പിറവത്ത് ഗുരുതരമായ പാരിസ്ഥിക പ്രശ്‌നങ്ങളുണ്ടാക്കുന്നതായുള്ള നഗരസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടും കളങ്ങള്‍ നിറുത്തലാക്കിയ നഗരസഭാ നടപടിയും അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി പരാതി.
മഴ മാറിയാലുടന്‍ ഇഷ്ടികക്കളങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് റദ്ദാക്കിക്കാനും അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കുവാനുമാണ് നീക്കം. സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടി കൗണ്‍സിലര്‍മാരെ ഒതുക്കാനും ശ്രമമുണ്ട്.
സര്‍വ കക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കളക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കിയെങ്കിലും ജനവികാരം ഭയന്നാണ് ഇക്കാര്യം അവര്‍ പുറത്തുപറയാത്തത്.
പാടശേഖരങ്ങള്‍ ആഴത്തില്‍ താഴ്ത്തി മണ്ണെടുത്താണ് കളം നടത്തുന്നത്. മണ്ണിനുവേണ്ടി കുഴിക്കുന്ന പാടങ്ങള്‍ നികത്തി പഴയത് പോലെയാക്കാമെന്ന ഉറപ്പിന്മേലാണ് കളം നടത്താന്‍ അനുമതി നല്‍കുന്നതെങ്കിലും പാടങ്ങള്‍ പിന്നീടൊരിക്കലും കൃഷിക്ക് ഉപയുക്തമാക്കാറില്ല. അവ വെള്ളക്കെട്ടുകളായൊ നികത്ത് ഭൂമിയായൊ മാറുന്ന കാഴ്ചയാണ് പിറവത്തുള്ളത്.
ഇഷ്ടിക ചൂളയ്ക്ക് വയ്ക്കുമ്പോള്‍ ഗന്ധകവും ഇതര രാസ വസ്തുക്കളും ഉപയോഗിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ശ്വാസംമുട്ടലടക്കമുള്ള രോഗങ്ങള്‍ പിടിപെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതായി കണ്ടെത്തിയിട്ടും മിക്ക രാഷ്ട്രീയ കക്ഷികളും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ ഇഷ്ടികക്കളക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് പതിവ്. ഇക്കുറി ജന വികാരം ശക്തമായി ഇതിനെതിരെ തിരിഞ്ഞതോടെയാണ് നഗരസഭ പോലും പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപസമിതിയെ നിയോഗിച്ചത്.
കൗണ്‍സിലര്‍മാരായ അരുണ്‍ കല്ലറയ്ക്കല്‍, ഉണ്ണി വല്ലയില്‍, അജേഷ് മനോഹര്‍, സോജന്‍ ജോര്‍ജ്, ബെന്നി വി. വര്‍ഗീസ്. പ്രൊഫ ടി.കെ തോമസ്, അന്നമ്മ ഡോമി എന്നിവരടങ്ങുന്ന ഉപസമിതിയാണ് പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
അതിനെ അട്ടിമറിക്കാനാണ് നീക്കം. അതിനിടെ കളക്കാരുടെ നീക്കങ്ങള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ശക്തമായി രംഗത്തിറങ്ങി. ഉപസമിതി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാന്‍ മാണി ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."