ഞങ്ങളുടെ വഴി മുടക്കരുതേ...
പറമ്പിക്കുളം: ഒരു റോഡിനായി ഏഴുപതിറ്റാണ്ടിലധികമായി തുടരുന്ന മുറവിളി ഇതുവരെയും ആരും കേള്‍ക്കാത്തതിനാലാണ് അവര്‍ റോഡ് സ്വയം വെട്ടാന്‍ തുടങ്ങിയത്. എന്നാല്‍ അനുമതിയില്ലാതെ വനത്തിലൂടെയുള്ള റോഡുവെട്ടല്‍ തടയാന്‍ വനപാലകര്‍ എത്തിയപ്പോള്‍ തങ്ങളെ തടയരുതെന്ന് കാലില്‍ വീണ് അപേക്ഷിക്കുകയല്ലാതെ നിസ്സഹായരായ ആ ആദിവാസികള്‍ക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലായിരുന്നു.
പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലുള്ള തേക്കടി കോളനിയിലേക്ക് റോഡ്‌വെട്ടുന്ന ആദിവാസികളെ തടയാനെത്തിയ വനപാലകര്‍ക്കു മുന്നിലാണ് വഴിവെട്ടല്‍ തടയരുതെന്ന അഭ്യര്‍ഥനയുമായി സ്ത്രീകളടക്കമുള്ളവര്‍ കാലില്‍ വീണു കേണപേക്ഷിച്ചത്. ഇതോടെ അന്‍പതിലധികം വരുന്ന വനപാലകര്‍ തിരിച്ചു പോയി. ഇന്നലെ രാവിലെയാണ് ചെമ്മണാമ്പതിയില്‍ നിന്നും തേക്കടി ഉള്‍പ്പെടെയുള്ള നാല് കോളനികളിലേക്ക് ആദിവാസികള്‍ വഴിവെട്ടുന്ന സ്ഥലത്തേക്ക് നെന്മാറ ഡി.എഫ്.ഒ അനീഷ്, വിജിലന്‍സ് ഡി.എഫ്.ഒ പി. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുളള വനപാലക സംഘം എത്തിയത്. വനപാത
നവീകരിക്കുന്ന പണികള്‍ നടക്കുന്ന സ്ഥലത്തെത്തി വനപാലകര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ കാലില്‍ വീണ് തടസപ്പെടുത്തരുതെന്ന് ഇവര്‍ അഭ്യഥിച്ചത്. തേക്കടി അല്ലിമൂപ്പന്‍, ഉറവന്‍പാടി, കച്ചിത്തോട,് മുപ്പതേക്കര്‍ കോളനികളിലെ ആദിവാസി
മൂപ്പന്‍മാരും നിവാസികളും ചേര്‍ന്നാണ് ഊരിലേക്ക് വഴിവെട്ടുന്നത്. പ്രാചീന ഗോത്രവര്‍ഗമായ കാടരും, മുതുവാന്മാരും, മലസരും, മലൈമലസരുംഉള്‍പ്പെടുന്ന ഇരുനൂറോളം ആദിവാസി കുടുംബങ്ങളാണ് കോളനികളില്‍ താമസിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷത്തോളമായി ഇവിടേക്ക് ഒരു റോഡ് വേണമെന്ന ആവശ്യമുന്നയിച്ചു വരികയാണ് ഇവര്‍. മാറിമാറി ഭരിച്ച ഭരണാധികാരികള്‍ ഈ ആവശ്യം അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ 60 കി.മീറ്റര്‍ തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ചാണ് മുതലമട ഗ്രാമ പഞ്ചായത്തിലേക്കും വില്ലേജ് ഓഫിസിലേക്കും ഇവര്‍ എത്തുന്നത്. റോഡ് നന്നാക്കിയാല്‍ ആറു കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താനാകും.നിലവില്‍ വഴിവെട്ടലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നൂറും ഇരുനൂറും പേര്‍ക്കെതിരേ വനംവകുപ്പ് കേസ് എടുത്തു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."