ടു പ്ലസ് ടു ഇന്ത്യയെ വിലയ്ക്ക് കൊടുക്കുകയാണോ
''ഇന്ത്യ അമേരിക്ക ബന്ധത്തില്‍ പുതുയുഗം പിറന്നിരിക്കുന്നു'', ഒന്നാമത് ടു പ്ലസ് ടു ചര്‍ച്ചയെന്നു വിശേഷിപ്പിക്കുന്ന ഇന്ത്യ യു.എസ് ഉഭയ കക്ഷി ചര്‍ച്ച കഴിഞ്ഞപ്പോള്‍ യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്് പ്രതികരിച്ചതിങ്ങനെയാണ്. കോകാംസ (കമ്മ്യൂണിക്കേഷന്‍, കോപാറ്റബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ്) അഥവാ സമ്പൂര്‍ണ സൈനിക, ആശയവിനിമയ, സുരക്ഷാകരാറിന്റെ ഒന്നാമതു ചര്‍ച്ചയും കരാറുമാണു ഡല്‍ഹിയില്‍ നടന്നത്. അമേരിക്കന്‍ പ്രതിനിധികളായ പ്രതിരോധസെക്രട്ടറി ജയിംസ് മാറ്റിസും വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ഇന്ത്യയുടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായിരുന്നു ഓരോ രാജ്യത്തിന്റെയും പ്രതിനിധികള്‍.
ആണവകരാറിനു ശേഷമുള്ള ഏറ്റവും വലിയ കരാറെന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചതെങ്കിലും ഇന്ത്യക്കു കാര്യമായ നേട്ടം ഈ കരാര്‍ കൊണ്ടുണ്ടായോ കരാറിന്റെ വലിയതോതിലുള്ള ഗുണഭോക്താവ് അമേരിക്ക മാത്രമായിരിക്കുമോയെന്നതു ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അമേരിക്കന്‍ നിര്‍മിത സൈനിക ഉപകരണങ്ങളിലെ രഹസ്യ സാങ്കേതികവിദ്യ ഇന്ത്യക്കു കൈമാറുകയും യുദ്ധവിമാനങ്ങളിലുള്‍പ്പെടെ അമേരിക്കന്‍ ആശയവിനിമയ സംവിധാനം ഘടിപ്പിക്കാനും പരസ്പരം ഇതുപയോഗിക്കാനും അനുവദിക്കുകയെന്നതാണു പ്രധാന കരാര്‍വ്യവസ്ഥ.
അമേരിക്കയുടെ വമ്പന്‍വിമാനങ്ങളായ സി 130, സി 17 എന്നിവയുടെ ആശയവിനിമയ സംവിധാനവും നാവികസേനയുടെ അമേരിക്കന്‍ നിര്‍മിത ആധുനിക നിരീക്ഷണവിമാനം പി8 ഐയുടെ ആശയവിനിമയ സംവിധാനവും കൈമാറുമെന്നതാണു പ്രധാനമായും വ്യവസ്ഥയിലുള്ളത്. എന്നാല്‍, രഹസ്യ ആശയവിനിമയ സുരക്ഷാസംവിധാനം കൈമാറ്റം ചെയ്യുന്നതില്‍ പ്രത്രേക മാര്‍ഗരേഖയുണ്ടായിരിക്കുമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ബോയിങ്ങിന്റെ അപ്പാച്ചെ ചിനൂക്ക് ഹെലികോപ്റ്ററുകളില്‍ ഉപയോഗിച്ച സാങ്കേതികവിദ്യയും അമേരിക്കയുടെ ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന സൈനികവിവരങ്ങളും ഇന്ത്യക്കു കൈമാറും. ചൈനയുടെ അന്തര്‍വാഹിനികളുടെയും യുദ്ധകപ്പലുകളുടെയും നീക്കങ്ങളെക്കുറിച്ച് അമേരിക്കന്‍ നാവികസേനയ്ക്കു ലഭിക്കുന്ന വിവരങ്ങളും ഇന്ത്യക്കു കൈമാറുമെന്നും വ്യവസ്ഥയിലുണ്ട്. പുറമെ, 2019 ല്‍ ഇന്തോ അമേരിക്ക സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനും ധാരണയായിട്ടുണ്ട്.
അമേരിക്കന്‍ നിര്‍മിത സൈനികോപകരണങ്ങളിലെ സാങ്കേതികവിദ്യ കൈമാറുന്നതിനെ കരാറിന്റെ നേട്ടമായി കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും പിന്‍വാതിലിലൂടെ ഇന്ത്യയെ അമേരിക്കയ്ക്കു വിലയ്ക്കു കൊടുക്കുന്ന രീതിയിലുള്ള വ്യവസ്ഥകളിലാണ് ഒപ്പുവെച്ചിരിക്കുന്നതെന്നു വേണം കരുതാന്‍. തെക്കന്‍ ഏഷ്യന്‍ മേഖലയില്‍ തങ്ങള്‍ക്കു വ്യക്തമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നുവെന്നതാണ് അമേരിക്കയ്ക്ക് ഈ കരാര്‍ മൂലമുണ്ടാകാന്‍ പോകുന്ന വലിയ നേട്ടം.
ഈ മേഖലകളിലെ അധീശത്വം കാത്തുസൂക്ഷിക്കുന്ന ചൈനപോലുള്ള വലിയ രാജ്യങ്ങള്‍ക്കു വലിയ പ്രതിസന്ധിയായിരിക്കും ഇതു സൃഷ്ടിക്കുക. ഇന്ത്യക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നുവെന്നതാണ് അമേരിക്കയ്ക്ക് ഉണ്ടാകാന്‍ പോകുന്ന മറ്റൊരു വലിയ നേട്ടം. ഇതു റഷ്യയും മറ്റു രാജ്യങ്ങളുമായുള്ള ആയുധവില്‍പ്പന കരാറിനെയും റഷ്യയുടെ വിമാനവേധ എസ് 400 വാങ്ങുന്നതിനു വരെ തടസമാകാനിടയുണ്ട്. അമേരിക്കന്‍ സൈന്യത്തിന് ഇന്ത്യയുടെ സൈനികത്താവളങ്ങളില്‍ പ്രവേശിക്കാനും ഉപയോഗിക്കാനും അനുമതി നല്‍കുന്ന ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട് ഉടമ്പടിയില്‍ നേരത്തേ ഒപ്പിട്ടിരുന്നു.
സൈനിക നീക്കത്തിന് ആവശ്യമായ വിഭവങ്ങളും സൗകര്യങ്ങളും സംഘടിപ്പിക്കാന്‍ പരസ്പര വിനിമയത്തിനുള്ള കരാര്‍ വഴി ഇന്ത്യ ഔപചാരികമായി അമേരിക്കയുടെ സൈനിക സഖ്യകക്ഷിയായി മാറിയിരിക്കുന്നു. ഇതുപ്രകാരം അമേരിക്കന്‍ നാവിക വ്യോമ സേനകള്‍ക്കു സൈനികനീക്കത്തിനും ഇന്ധനം നിറയ്ക്കാനും സേവനങ്ങള്‍ക്കും ഇന്ത്യയുടെ വ്യോമ നാവിക താവളങ്ങള്‍ പതിവായി ഉപയോഗിക്കുകയും മറ്റു രാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതിന് അമേരിക്കന്‍ സേനയ്ക്ക് ഇന്ത്യയുടെ സൈനികത്താവളങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇന്തോ പസഫിക് മേഖലയിലെ നിരീക്ഷണത്തിനു സഖ്യരാജ്യത്തെപോലെ ഒരു കൂട്ടാളിയായി വലിയ ഒരു രാജ്യത്തെ തന്നെ കിട്ടുകയും ചെയ്യുന്നു , ഈ കരാര്‍ വഴി അമേരിക്കയ്ക്ക് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ ചെറുതല്ല.
തങ്ങളുടെ ചില സാങ്കേതിക സംവിധാനങ്ങള്‍ കാട്ടി വശപ്പെടുത്തി ഇന്ത്യയെ തങ്ങളുടെ സൈനികതാവളമാക്കാനും ഇന്ത്യ പോലുള്ള വലിയ രാജ്യത്തെ സഖ്യകക്ഷിയായി കൂട്ടാനും കഴിയുന്നുവെന്ന വലിയ ലക്ഷ്യം സാധിച്ചതിന്റെ ആശ്വാസത്തിലാണ് അമേരിക്ക. സ്വാതന്ത്രാനന്തര ഇന്ത്യ തന്നെ ആവിഷ്‌കരിക്കുകയും വിജയകരമായി നടപ്പില്‍ വരുത്തുകയും നിലനിര്‍ത്തിപ്പോരുകയും ചെയ്തിരുന്ന ചേരിചേരാ നയങ്ങള്‍ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇന്ത്യ അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കേന്ദ്രസര്‍ക്കാറിന്റെയും മോദിയുടെയും അമേരിക്കന്‍ പ്രീണനപ്രക്രിയകളുടെ ഫലമാണിത്. അമേരിക്കയെ അധികമായി ആശ്രയിക്കുന്നതും അവരെ തെറ്റിക്കാതെ പിറകെ നടക്കുകയും ചെയ്യുന്ന നടപടികള്‍ മുന്‍പും ഉണ്ടാവുകയും ശക്തമായ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ഏറ്റവും നല്ല കൂട്ടുകാരാണെന്ന ട്രംപിന്റെ സര്‍ട്ടിഫിക്കറ്റും മോദിക്കു കിട്ടിയിട്ടുണ്ട്.
ഇന്ത്യക്കു സ്വയം വികസിപ്പിക്കാന്‍ കഴിയുന്നതും വികസിപ്പിച്ചാല്‍ തന്നെ അതീവരഹസ്യ സ്വഭാവത്തില്‍ ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുമായിരുന്ന ആശയവിനിമയ സാങ്കേതികവിദ്യകള്‍ക്കു പകരം ആയുധങ്ങള്‍ വാങ്ങുന്നതിലും വികസിപ്പിക്കുന്നതിലും അമേരിക്കയെ അമിതമായി ആശ്രയിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ കരാര്‍ വ്യവസ്ഥകള്‍. സൈനികശേഷിയിലാണെങ്കിലും ഉപഗ്രഹ സംവിധാനങ്ങളുടെ കാര്യത്തിലാണെങ്കിലും ഇന്ത്യ വലിയ ശക്തിയായി മാറികൊണ്ടിരിക്കെയാണ് ഇത്തരം നീക്കമെന്നതും ശ്രദ്ധേയമാണ്.
സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യക്കു സ്വന്തമായി ഉപകരണങ്ങള്‍ വികസിപ്പിക്കാമെന്നു സര്‍ക്കാര്‍ വാദിച്ചിരുന്നു, എന്നാല്‍, ഇത് അസാധ്യമാക്കുന്ന വിധത്തിലാണ് കരാറിലെയും അനുബന്ധകരാറിലെയും വ്യവസ്ഥകള്‍. പ്രതിരോധമേഖലയില്‍ ആഴത്തിലുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമാണ് ഇരുരാജ്യവും തമ്മില്‍ തീരുമാനമായത്. അതായത്, അമേരിക്ക അറിയാതെയുള്ള പ്രതിരോധവും വികസനവും ഭാവിയില്‍ നടക്കില്ല. ഈ നീക്കം ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇതര രാജ്യങ്ങള്‍ ഇന്ത്യയെ അവിശ്വാസത്തോടെ കാണുന്നതിന് ഇടയാക്കുമെന്നതില്‍ സംശയമില്ല. ഏതെങ്കിലും രാജ്യത്തെ മാത്രം ആശ്രയിച്ചുള്ള പ്രതിരോധതന്ത്രം അപകടകരവുമാണ്.
റഷ്യ ഉള്‍പ്പെടെയുള്ള സുഹൃദ്‌രാജ്യങ്ങളുമായുള്ള സൈനികസഹകരണത്തിനും ഇറാന്‍ എണ്ണഇറക്കുമതിക്കും ഈ കരാര്‍ പ്രശ്‌നം സൃഷ്ടിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന് അമേരിക്ക ഉത്തരവിറക്കിയിരുന്നു. ഇതു പാലിക്കാത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ താക്കീത്. ഇറാനെതിരെയുള്ള വാണിജ്യ ഉപരോധം ഇന്ത്യ ചൈന കമ്പനികള്‍ക്കും ബാധകമാണെന്നും അവര്‍ക്ക് മാത്രമായി യാതൊരു ഇളവും നല്‍കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നതില്‍ സംശയമില്ല. വളരെ കുറഞ്ഞ ചെലവിലാണ് ഇന്ത്യ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്. മാത്രമല്ല ഇടപാടുകള്‍ ഡോളറിനു പകരം യൂറോയിലാണ് നടത്തുന്നതെന്നതും ഇന്ത്യക്ക് വലിയൊരു ആശ്വാസമാണ്. പ്രത്രേകിച്ച് ഡോളറിനെതിരെ രൂപ കൂപ്പുകുത്തി കൊണ്ടിരിക്കുന്ന സാഹചര്യവും ഇന്ത്യയെ സാരമായി ബാധിക്കുമായിരുന്നു.
രണ്ടു മാസത്തിന്റെ ഇട പണമടവിന് കിട്ടുന്നുവെന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാനുമായുള്ള എണ്ണ ഇറക്കുമതി നിലനിര്‍ത്തുന്നതിന്റെ മുഖ്യ കാരണമാണ്. ഭൂരിപക്ഷം രാജ്യങ്ങളും ഒരു മാസത്തെ ഇട മാത്രമാണ് നല്‍കി വരുന്നത്. ഇത്തരം അനുകൂല സാഹചര്യങ്ങളെ ഒഴിവാക്കി ഇറാനുമായുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ കേന്ദ്ര സര്‍ക്കാറിന് വമ്പന്‍ സാമ്പത്തിക നഷ്ടമായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക. അമേരിക്കയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും എണ്ണ വരുത്തുന്നതിനുള്ള ഭീമമായ ചെലവും റിഫൈനറികളിലെ മെഷിനറി സംവിധാനങ്ങില്‍ വരുത്തേണ്ട മാറ്റങ്ങളും സാമ്പത്തികമായി വലിയ ചെലവ് വരുത്തും.
സ്വാഭാവികമായും എണ്ണക്കു പുറമെ മറ്റു വ്യാപാരങ്ങളില്‍ കൂടി വിലകയറ്റം പ്രതിഫലിച്ച് വരുന്നത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയമായതിനാല്‍ മോഡി സര്‍ക്കാറിന് ചിന്തിക്കാന്‍ കഴിയാത്തതാണ്. നോട്ട് നിരോധനത്തിലെ റിസര്‍വ്വ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടും അടിക്കടി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന എണ്ണ വില വര്‍ദ്ധനവും കര്‍ഷകമാര്‍ച്ചുമെല്ലാം കേന്ദ്ര സര്‍ക്കാറിന് സൃഷ്്ടിച്ച് കൊണ്ടിരിക്കുന്ന തലവേദന ചെറുതൊന്നുമല്ല.
അതിന്റെ കൂടെ അമേരിക്കയെ പിണക്കാതിരിക്കുകയും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുന്നത് നിറുത്താതിരിക്കുകയും ചെയ്യുകയും വേണം. ചുരുക്കത്തില്‍ വലിയ കീറാമുട്ടിയാണ് മോഡിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും തലയില്‍ ഇപ്പോഴുള്ളത്. യുദ്ധാനന്തര അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരത്തിന് നാഴികകല്ലായ ഇറാനിലെ ചബബാര്‍ തുറമുഖ നിര്‍മാണത്തിനും പ്രതിസന്ധിയുണ്ടാകും. സ്വാഭാവികമായും ഇന്ത്യ കടുംപിടുത്തം പിടിക്കേണ്ടി വരും.
ആദ്യത്തെ ടുപ്ലസ്ടു ചര്‍ച്ച ജൂലൈ ആദ്യത്തില്‍ വാഷിങ്ടണില്‍ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് നടക്കാനിരിക്കുന്നതിന്റെ ഒരാഴ്ച മുന്‍പാണ് അമേരിക്ക ചര്‍ച്ച മാറ്റി വച്ചിരിക്കുന്നുവെന്ന് പറഞ്ഞത്. റദ്ദാക്കിയതല്ലെന്നും മാറ്റിവെച്ചതെന്നുമായിരുന്നു അമേരിക്കയുടെ വിശദീകരണം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചര്‍ച്ച മാറ്റിവച്ചതിലുള്ള ഖേദപ്രകടനം സുഷമാസ്വരാജിനെ വിളിച്ച് രേഖപ്പെടുത്തുകയും ചെയ്തു.
അമേരിക്കയുടെ ഈ മാറ്റക്കളിക്ക് പിന്നില്‍ ഇറാനെതിരെയുള്ള ഉപരോധത്തിന് ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികൂല പ്രതികരണങ്ങളില്‍ ചൊടിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടു പ്ലസ് ടു ചര്‍ച്ചക്ക് ശേഷവും ഇന്ത്യയുടെ നിലപാടുകളില്‍ കാര്യമായ മാറ്റം കാണാത്തതിനാല്‍ ഇന്ത്യക്കും ചൈനക്കുമുള്ള സബ്‌സിഡി നിര്‍ത്തണമെന്ന് ട്രംപ് പുതിയ ഉത്തരവിറക്കിയിരുന്നു. പൂര്‍ണ്ണത കൈവരിക്കാത്ത രാജ്യങ്ങള്‍ക്ക് നല്‍കുന്നതാണ് സബ്‌സിഡി. ഇന്ത്യയും ചൈനയും വികസ്വര രാജ്യങ്ങളാണെങ്കില്‍ അമേരിക്കയും വികസ്വര രാജ്യമാണെന്നാണ് ട്രംപിന്റെ പുതിയ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."