തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പദ്ധതിയോട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വൈമുഖ്യം
തൃക്കരിപ്പൂര്‍: ഗ്രാമപഞ്ചായത്ത്, ജനമൈത്രി പൊലിസ്, പാന്‍ടെക്, താലൂക്ക് ആശുപത്രി, ഉടുമ്പുന്തല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവരുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ, തിരിച്ചറിയല്‍ കാര്‍ഡ് വിതരണ പദ്ധതിയില്‍ നിന്നു നിരവധി തൊഴിലാളികള്‍ വിട്ടുനില്‍ക്കുന്നു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണു പലര്‍ക്കും ഇന്നലെ ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്തത്. ഇന്നലെ രാവിലെ തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ചാണു സ്വന്തം നാട്ടിലെ ഏതെങ്കിലും രേഖയുടെ പകര്‍പ്പുകള്‍ പരിശോധിച്ച് ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തത്.
തൊഴില്‍ ദാതാക്കളായ കരാറുകാര്‍, കെട്ടിട ഉടമകള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്താണ് തൊഴിലാളികളെ ക്യാംപില്‍ എത്തിച്ചത്. രണ്ടായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളുള്ള തൃക്കരിപ്പൂരില്‍ രണ്ടു ഘട്ടങ്ങളിലായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഇതില്‍ ഒന്നാമത്തെ ക്യാംപാണ് ഇന്നലെ കഴിഞ്ഞത്. എന്നാല്‍ ക്യാംപിന് എത്തിയതാവട്ടെ നൂറോളം തൊഴിലാളികള്‍ മാത്രം.
സ്വന്തം നാട്ടിലെ തിരിച്ചറിയല്‍ രേഖയില്ലാത്തവരും നാട്ടില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരുമാണ് എത്താതിരുന്നതില്‍ പലരുമെന്ന അനുമാനവും സംഘാടകര്‍ക്കുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കാര്‍ഡു വിതരണം ചെയ്തു കഴിഞ്ഞാല്‍ ഇവരുടെ താമസ സ്ഥലം പരിശോധന നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളുണ്ടാകും. ഇവിടെ തിരിച്ചറിയല്‍ രേഖയും ആരോഗ്യ കാര്‍ഡും ഇല്ലാത്തവര്‍ക്ക് കെട്ടിട ഉടമകള്‍ താമസിക്കാന്‍ വീടുകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."