കെ.ബി.പി.എസ് വളപ്പിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവം: വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി
കാക്കനാട്: കേരള ബുക്‌സ് ആന്‍ഡ് പബല്‍ക്കേഷന്‍ സൊസൈറ്റി(കെ.ബി.പി.എസ്) വളപ്പില്‍ നിന്ന് തേക്ക് ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റിയ സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
വനം വകുപ്പിന്റെ കാലഹരണപ്പെട്ട ഉത്തരവിന്റെ മറവിലാണ് കെ.ബി.പി.എസ്സ് വളപ്പില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്തിയതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ പ്രെഫ.എസ് സീതാരാമന്‍ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
വനം വകുപ്പിന്റെ പരിസ്ഥിതി കമ്മിറ്റി അംഗമായ തന്നെ അറിയിക്കാതെ 2011 ഡിസംബറിലാണ് അന്നത്തെ എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ മരം മുറിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. വനം വകുപ്പിന്റെ പഴയ ഉത്തരവിന്റെ മറവില്‍ കെ.ബി.പി.എസ് വളപ്പിലെ 350 തേക്ക് ഉള്‍പ്പെടെ വെട്ടി കടത്തിയതില്‍ രണ്ട് കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് പരാതി. 2011 ല്‍ കെ.ബി.പി.എസ്സിലെ മരങ്ങള്‍ക്ക് വനം വകുപ്പ് ഒന്നര ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരുന്നത്.
കെ.ബി.പി.എസ് അധികൃതര്‍ പുനര്‍ നിര്‍ണയം നടത്താതെ അഞ്ച് വര്‍ഷത്തിനു ശേഷം മരങ്ങള്‍ മുറിച്ച് കടത്തുകയായിരുന്നുവെന്ന് വനം വകുപ്പിന്റെ പരിസ്ഥിതി കമ്മിറ്റി അംഗം കൂടിയായ പ്രെഫ.സീതാരാമന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വനം വകുപ്പ് നിയമപ്രകാരമുള്ള പരിശോധന നടത്താതെയാണ് അനുമതി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് കെ.ബി.പി.എസ് വളപ്പില്‍ നിന്ന് വെട്ടിക്കടത്തിയ മരങ്ങള്‍ പുനര്‍ വിലനിര്‍ണയം നടത്താതിരുന്നത് മൂലം സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചു.
മുറിക്കേണ്ട മരങ്ങള്‍ പൊതുമരാമത്തിനെ അറിയിക്കാതെ ലേലം ചെയ്യാതിരുന്നതിലും അഴിമതിയുണ്ട്. മരങ്ങള്‍ രഹസ്യമായി മുറിച്ച് ഉരുപ്പടികള്‍ ഉണ്ടാക്കിയതിലും ദുരൂഹതയുണ്ട്. വനം വകുപ്പിനും സര്‍ക്കാരിനും ലഭിക്കേണ്ട കോടികള്‍ നല്‍കാതെയാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. മുറിച്ച മരങ്ങള്‍ പൂര്‍ണമായും കെ.ബി.പി.എസ്സില്‍ ഫര്‍ണീച്ചര്‍ നിര്‍മാണത്തിനും ബാക്കി കാന്റീനില്‍ വിറകായും ഉപയോഗിച്ചെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ മുറിച്ച തേക്ക് മരങ്ങളില്‍ നല്ല മരത്തടികള്‍ പുറത്ത് കടത്തിയതായും പരാതിക്കാരന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."