മഹാരാജാസില്‍ ആയുധങ്ങള്‍ കണ്ടെത്തിയ സംഭവം: രണ്ടു പേരെ ചോദ്യം ചെയ്തു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപക ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാന്‍ പൊലിസ് തയാറെടുക്കുന്നു. നിലവില്‍ ഹോസ്റ്റലിലെ അന്തേവാസികളായ രണ്ടു വിദ്യാര്‍ഥികളെയാണു ചോദ്യം ചെയ്തത്. സംഭവവുമായി അധ്യാപക ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കു ബന്ധമുണ്ടോ എന്നതിനു തെളിവില്ലെന്നു സെന്‍ട്രല്‍ എസ്.ഐ ജോസഫ് സാജന് പറഞ്ഞു. മറ്റു വിദ്യാര്‍ഥികളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
മുറിയില്‍ താമസിച്ചിരുന്ന ആറു വിദ്യാര്‍ഥികളോടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പൊലിസ് നോട്ടിസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു രണ്ടു പേര് ശനിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരായത്.
ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ മുഴുവന്‍പേരെയും ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പൊലിസ് വ്യക്തമാക്കി.
അതേസമയം വിദ്യാര്‍ഥികള്‍ക്കു സംഭവവുമായി ബന്ധമില്ലെന്നും ആയുധങ്ങള്‍ മറ്റാരെങ്കിലും മുറിയില്‍ കൊണ്ടിട്ടതാണോ എന്ന രീതിയിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ആയുധങ്ങള്‍ കണ്ടെത്തിയ നിലയിലെ മുറികളില്‍ താമസിക്കുന്ന അധ്യാപകരില്‍ നിന്നും നേരത്തേ പൊലിസ് മൊഴിയെടുത്തിരുന്നു. മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എം.സി.ആര്.വി ഹോസ്റ്റലില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 19 വിദ്യാര്‍ഥികള്‍ക്കു താല്‍ക്കാലികമായി അധ്യാപകരുടെ ഹോസ്റ്റലില്‍ പ്രവേശനം നല്‍കിയിരുന്നു. ഒന്നാം നിലയിലെ ഇവര്‍ക്ക് അനുവദിച്ച 13,14,15 നമ്പര്‍ മുറികളില്‍ 14ാം നമ്പര്‍ മുറിയില്‍ നിന്നാണു ആയുധങ്ങള്‍ പൊലിസ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."