ജുഹി ശവസംസ്‌കാര ചടങ്ങില്‍
ബാലനായ ജൂഹി തന്റെ അച്ഛന്റെ കൂടെ ഒരു സഹപ്രവര്‍ത്തകന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ശവമഞ്ചം വഹിച്ച് ആളുകള്‍ ശ്മശാനം ലക്ഷ്യംവച്ചു നടക്കുകയാണ്. ജുഹിയും തന്റെ അച്ഛന്റെ കൂടെ ശവഘോഷയാത്രയില്‍ പങ്കുചേര്‍ന്നു.
ശവമഞ്ചത്തില്‍ തൊട്ടുപിറകിലായാണ് അവര്‍ നടന്നിരുന്നത്. മരിച്ച മനുഷ്യന്റെ മകന്‍ സങ്കടം ഉള്ളില്‍ ഒതുക്കാന്‍ കഴിയാതെ വിലപിച്ചുകൊണ്ടിരുന്നു. എന്തൊക്കെയാണ് അവന്‍ പറയുന്നത് എന്ന് ജുഹി ശ്രദ്ധിച്ചു കേട്ടു.
'ഉപ്പാ'. അങ്ങ് ഞങ്ങളില്‍ നിന്ന് വിട പറഞ്ഞു പോവുകയാണോ? എങ്ങോട്ടാണ് അവര്‍ അങ്ങയെ കൊണ്ടുപോകുന്നത്? അങ്ങയെ അവര്‍ കല്ലറയ്ക്കുള്ളില്‍ അടച്ചു മണ്ണിട്ട് മൂടുമോ? വെളിച്ചമില്ലാത്ത വീട്ടിലാണോ അങ്ങ് ഇനി താമസിക്കുക? കിടക്കാന്‍ പുല്‍പ്പായ പോലും ഉണ്ടാവില്ലല്ലോ അവിടെ?... നിലത്ത് വിരിക്കാന്‍ കാര്‍പറ്റ് ഇല്ലാത്ത വീട്ടിലേക്ക് ആണോ അവര്‍ അങ്ങയെ കൊണ്ടുപോകുന്നത്? മുകളിലേക്ക് കയറാന്‍ ഗോവണി ഇല്ലാത്ത വീടാണോ അത്?... ഭക്ഷണത്തിന്റെ സുഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാത്ത വീടല്ലേ അത് ഉപ്പാ?... എങ്ങനെയാണ് അങ്ങ് അവിടെ ജീവിക്കുക?... സൂര്യവെളിച്ചം കടക്കാന്‍ ജനലുകള്‍ ഇല്ലാത്ത വീട്ടിലേക്ക് ആണല്ലോ അവര്‍ നിങ്ങളെ നാളെ കൊണ്ടുപോകുന്നത്?... അവിടെ തോട്ടം ഉണ്ടാവില്ലല്ലോ?... എന്താണ് ഉപ്പാ... നിങ്ങള്‍ കഴിക്കുക? എങ്ങനെയാണ് കഴിയുക?.... എന്തൊരു വീട് ആയിരിക്കും ഉപ്പാ അത്?... എത്ര അന്തസ്സോടെ കഴിഞ്ഞിരുന്നതാണ് അങ്ങ് നമ്മുടെ വീട്ടില്‍?... അവര്‍ ഏതു വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്?...'
ഇത് കേട്ട് ജുഹി തന്റെ അച്ഛനെ പതുക്കെ തോണ്ടി.
'അച്ഛാ ഇവര്‍ അദ്ദേഹത്തെ നമ്മുടെ വീട്ടിലേക്ക് ആണോ കൊണ്ടുപോവുന്നത്?'
'മിണ്ടാതിരി. വിഡ്ഢീ!'
അച്ഛന്‍ ജുഹിയെ ശാസിച്ചു.
'പക്ഷേ, അച്ഛാ അവന്‍ പറയുന്നത് കേട്ടില്ലേ? വെളിച്ചമില്ലാത്ത, തോട്ടം ഇല്ലാത്ത, നല്ല ഭക്ഷണമില്ലാത്ത, മുകളിലേക്ക് കയറാന്‍ കോണി ഇല്ലാത്ത, കാര്‍പറ്റ് ഇല്ലാത്ത വീട്ടിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത് എന്നല്ലേ അവന്‍ പറയുന്നത്? ഈ നാട്ടില്‍ നമുക്ക് മാത്രമാണല്ലോ അങ്ങനെ ഒരു വീട് ഉള്ളത്?' ജുഹി നിഷ്‌കളങ്കമായി ചോദിച്ചു.
ഇത്തവണ അച്ഛന്‍ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."