കണക്കുകൂട്ടിയ എ പ്ലസ് മണ്ഡലങ്ങളിലും രക്ഷയില്ലാതെ ബി.ജെ.പി
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. ശബരിമല വിഷയം ഉള്‍പ്പെടെ ഉയര്‍ത്തി ശക്തമായ പ്രചാരണം സംഘടിപ്പിക്കാനായ അവര്‍ തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ വിജയിക്കുമെന്ന് അവസാന നിമിഷം വരെ ഉറച്ചു വിശ്വസിച്ചെങ്കിലും ഉണ്ടായത് തിരിച്ചടി. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെങ്കിലും എത്താനായെങ്കിലും കേരളത്തിലെ മറ്റു 19 സീറ്റുകളിലും ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും സ്ഥാനാര്‍ഥികളുടെ സ്ഥാനം മൂന്നാം സ്ഥാനത്തായിരുന്നു.
എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് പ്രവചിച്ചത്.
പക്ഷേ പ്രതീക്ഷിച്ച പോലെ വിജയത്തിലേക്ക് ബി.ജെ.പി എത്തിയില്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നില്‍നിന്ന കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ഒ. രാജഗോപാല്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ കുമ്മനം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു.
കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തേക്ക് പോയ തീരദേശ മണ്ഡലങ്ങളായ പാറശാല, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ശശി തരൂരിനായപ്പോള്‍ കുമ്മനത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിയ മണ്ഡലങ്ങളില്‍നിന്ന് പരമാവധി വോട്ട് നേടുകയും മറ്റു മൂന്നു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി വിജയിക്കാമെന്ന ബി.ജെ.പിയുടെയും കുമ്മനത്തിന്റെയും മോഹത്തിനാണ് തിരിച്ചടിയേറ്റത്.
പത്തനംതിട്ടയില്‍ വോട്ട് വര്‍ധിപ്പിക്കാനായെങ്കിലും ഒരു ഘട്ടത്തില്‍പോലും ജയസാധ്യത തോന്നിപ്പിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് കഴിഞ്ഞില്ല.
ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട മണ്ഡലത്തില്‍ ഗുണകരമാകുമെന്ന അവരുടെ പ്രതീക്ഷയാണ് അസ്ഥാനത്തായത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാന ഘട്ടത്തില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കിയെങ്കിലും തൃശൂരിലും ബി.ജെ.പിക്ക് ജയപ്രതീക്ഷയായിരുന്നു. ജയിക്കാനായില്ലെങ്കിലും 1,91,141 വോട്ടിന്റെ വര്‍ധനവ് തൃശൂരില്‍ ഉണ്ടാക്കാന്‍ സുരേഷ് ഗോപിക്കായി. മണ്ഡലങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരുന്നു ബി.ജെ.പിക്കുവേണ്ടി ആര്‍.എസ്.എസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. പാലക്കാട് മണ്ഡലവും എ പ്ലസ് മണ്ഡലമായി കണക്കുകൂട്ടി വിജയപ്രതീക്ഷയിലായിരുന്നെങ്കിലും അത്ഭുതമൊന്നും സംഭവിച്ചില്ല.
കഴിഞ്ഞ തവണ മത്സരിച്ച ശോഭാ സുരേന്ദ്രനെക്കാള്‍ 81,969 വോട്ട് വര്‍ധിപ്പിക്കാന്‍ മാത്രമേ സി. കൃഷ്ണകുമാറിന് കഴിഞ്ഞുള്ളു.
ആകെ ലഭിച്ച വോട്ടിന്റെ ശതമാനത്തില്‍ വര്‍ധനവരുത്താനായെന്ന് ആഹ്ലാദിക്കുമ്പോഴും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്ന സത്യം അവശേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."