ഒഴിവാക്കാമായിരുന്ന രാഷ്ട്രീയദുരന്തം
ലോക്‌സഭയിലേയ്ക്കുള്ള വോട്ടെടുപ്പു പൂര്‍ത്തിയായിക്കഴിഞ്ഞതിനു തൊട്ടുപിറകെ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ നല്‍കിയ സൂചനകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പു ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയമായി ഒട്ടേറെ വെല്ലുവിളികള്‍ മുന്നിലുണ്ടായിട്ടും അതെല്ലാം നേരിട്ടു മികച്ച ഭൂരിപക്ഷത്തോടെ തന്നെ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ ഭരണത്തുടര്‍ച്ച നേടിയിരിക്കുകയാണ്.
കഴിഞ്ഞ തവണത്തെക്കാളേറെ സീറ്റുകള്‍ നേടിയ ബി.ജെ.പിക്കു വേണമെങ്കില്‍ ഒറ്റയ്ക്കുതന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. എന്‍.ഡി.എയ്ക്കു മൊത്തത്തില്‍ ഏതാണ്ടു മൂന്നില്‍ രണ്ടിനോടടുത്തു ഭൂരിപക്ഷമുണ്ട്. അടുത്ത അഞ്ചുവര്‍ഷം കൂടി നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്നും ഉറപ്പായിരിക്കുകയാണ്. ഉത്തരേന്ത്യയിലുണ്ടായ മോദി തരംഗത്തില്‍ തിരിച്ചുവരവെന്ന സ്വപ്നം തകര്‍ന്ന കോണ്‍ഗ്രസ് അതേസമയം കേരളത്തില്‍ വലിയൊരു തരംഗം സൃഷ്ടിച്ചുകൊണ്ട് വന്‍ മുന്നേറ്റം നടത്തിയിട്ടുമുണ്ട്. എന്നാല്‍, വടക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കനത്ത പരാജയം തന്നെയാണു കോണ്‍ഗ്രസ് നേരിട്ടത്.
ജനാധിപത്യത്തില്‍ ജനവിധി പൂര്‍ണമായി അംഗീകരിക്കപ്പെടേണ്ടതായതുകൊണ്ടു തന്നെ വിജയികളെ അഭിനന്ദിക്കാതിരിക്കാനാവില്ല. എന്നാല്‍, രാജ്യത്തെ മതേതരസമൂഹം ഒട്ടും ആഗ്രഹിച്ചതല്ല ഈ ഫലമെന്നു കാണാതിരുന്നുകൂടാ. അതു ജയിച്ചുവന്ന മോദിയടക്കമുള്ള ബി.ജെ.പി നേതാക്കളോടു വ്യക്തിപരമായി എന്തെങ്കിലും വൈരാഗ്യമുള്ളതുകൊണ്ടൊന്നുമല്ല. മോദി ഭരണത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തു സാധാരണക്കാരും ദലിതരും മതന്യൂനപക്ഷങ്ങളുമൊക്കെ അനുഭവിച്ച ദുരിതങ്ങള്‍ കാരണമാണ്.
നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ മൂലം രാജ്യത്തെ സാധാരണക്കാര്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ളതാണ്. മുന്‍പു പല സര്‍ക്കാരുകളും നേരിട്ടതുപോലെ കൂറ്റന്‍ അഴിമതിയാരോപണങ്ങള്‍ മോദി സര്‍ക്കാരിനെതിരേയും ഉയര്‍ന്നു. കോര്‍പറേറ്റുകളുടെ സാമ്പത്തിക നേട്ടം ലക്ഷ്യംവച്ചുകൊണ്ടു മോദി സര്‍ക്കാര്‍ നടപ്പാക്കിയ നയപരിപാടികള്‍ തികച്ചും ജനദ്രോഹകരവുമായിരുന്നു.
ഇതിലൊക്കെയേറെ അപകടകരമായിരുന്നു മോദി ഭരണത്തിന്റെ തണലില്‍ ഹിന്ദുത്വഫാസിസ്റ്റുകള്‍ രാജ്യത്തെങ്ങും നടത്തിയ അതിക്രമങ്ങള്‍. ബീഫിന്റെ പേരിലും ജാതിവെറിയിലും എഴുതിയതിനും വരച്ചതിനും പ്രസംഗിച്ചതിനുമൊക്കെയായി നിരവധിയാളുകള്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ഉണ്ടായി. ഇതിന്റെയൊക്കെ പേരില്‍ രാജ്യാന്തര സമൂഹത്തിനു മുന്നില്‍ നമ്മുടെ രാജ്യം നാണംകെടുക പോലുമുണ്ടായി.
ഇങ്ങനെ, പരിപക്വജനാധിപത്യ രാജ്യത്തു തോറ്റുതൊപ്പിയിടാനുള്ള സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും ജയിച്ചുകയറിയ മോദിയെയും കൂട്ടരെയും സമ്മതിക്കുന്നതിനൊപ്പം തന്നെ അതൊന്നും മുതലാക്കാനാവാതെ പോയ മതേതര പ്രതിപക്ഷത്തെയോര്‍ത്തു സഹതപിക്കേണ്ടതുമുണ്ട്. കണിശവും ആസൂത്രിതവുമായ നീക്കങ്ങളിലൂടെ അസത്യം പ്രചരിപ്പിച്ചും സ്വന്തം തകരാറുകള്‍ മറച്ചുവച്ചും ഇല്ലാത്ത മതിപ്പു സൃഷ്ടിച്ചെടുത്തും അതിനൊക്കെ പുറമെ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയത പ്രചരിപ്പിച്ചും ജനമനസുകളില്‍ ഹിംസാത്മക ദേശീയബോധം ജ്വലിപ്പിച്ചുമൊക്കെയാണു സംഘ്പരിവാര്‍ ഈ വിജയം നേടിയെടുത്തത്. അതിനെ സംഘബലംകൊണ്ടോ രാഷ്ട്രീയമായോ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം ദയനീയമായി പരാജയപ്പെട്ടതായാണു തെരഞ്ഞെടുപ്പു ഫലം വെളിപ്പെടുത്തുന്നത്.
സംഘ്പരിവാറിനെ പരാജയപ്പെടുത്തുന്നതിനു മതേതരമനസുകളില്‍ നിന്നു നിരുപാധിക പിന്തുണ ധാരാളം ലഭിച്ചിട്ടും ആ ചുമതല നിറവേറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്. ഇതര മതേതര പ്രതിപക്ഷ കക്ഷികള്‍ക്കും ഇക്കാര്യത്തില്‍ സമാന വീഴ്ച സംഭവിച്ചതും സംഘ് പരിവാര്‍ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നു. അധികാരമോഹവും അതുമായി ബന്ധപ്പെട്ട പ്രാദേശിക താല്‍പര്യങ്ങളുമൊക്കെ കാരണം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനും മറ്റു മതേതര കക്ഷികള്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാനാവാതെ വന്നതാണു ബി.ജെ.പിക്ക് ഈ വിജയം സമ്മാനിച്ചത്.
ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ്.പി- കോണ്‍ഗ്രസ് സഖ്യമുണ്ടായിരുന്നെങ്കില്‍ അവിടെ ബി.ജെ.പിക്ക് ദയനീയ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നുവെന്നതു പകല്‍പോലെ വ്യക്തം. പശ്ചിമബംഗാള്‍, ബിഹാര്‍, ഡല്‍ഹി തുടങ്ങി പല സംസ്ഥാനങ്ങളിലും വിട്ടുവീഴ്ചകള്‍ക്കു തയാറായി സംഘ്പരിവാര്‍ വിരുദ്ധ ശക്തികളെല്ലാം ഒരുമിച്ചു നിന്നിരുന്നെങ്കില്‍ മോദി ഭരണത്തിന്റെ രണ്ടാമൂഴം തടയാനാവുമായിരുന്നു. എന്നാല്‍, അത്തരമൊരു ഐക്യം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് മുതല്‍ കേരളം ഭരിക്കുന്ന സി.പി.എം വരെയുള്ള മതേതര കക്ഷികള്‍ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. അതിന്റെ ഫലം അവര്‍ അനുഭവിക്കാനിരിക്കുകയാണ്, ഒപ്പം രാജ്യത്തെ സാധാരണക്കാരും.
ഇതിനൊക്കെയിടയിലും കേരളത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളുമുണ്ടാക്കിയ നേട്ടം തിളങ്ങിനില്‍ക്കുന്നുമുണ്ട്. യു.ഡി.എഫ് അണികളെപ്പോലും അമ്പരപ്പിച്ച ഈ വിജയം വോട്ടുകണക്കില്‍ മുന്നണിക്കു വന്‍ മുന്നേറ്റം നല്‍കിയിട്ടുണ്ട്. യു.ഡി.എഫ് തരംഗമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ മുന്നേറ്റത്തില്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണി നേരിട്ടത് അതിശക്തമായ തിരിച്ചടിയാണ്. സി.പി.എം സ്ഥാനാര്‍ഥി മാത്രമാണു കഷ്ടിച്ചു രക്ഷപ്പെട്ടത്.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയകക്ഷി പദവി ഇല്ലാതാക്കുന്നതാണ് ഈ തിരിച്ചടി. പശ്ചിമബംഗാളിലും ത്രിപുരയിലും തുടച്ചുനീക്കപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെങ്കിലും പിടിച്ചുനില്‍ക്കാമെന്ന ഇടതുപക്ഷ പ്രതീക്ഷയാണു തകര്‍ന്നിരിക്കുന്നത്. എതിരാളികളുടെ മികവുകൊണ്ടല്ല, കൈയിലിരുപ്പുകൊണ്ടാണ് ഇടതുപക്ഷത്തിന് ഈ ഗതി വന്നത്. ചില ജനോപകാരപ്രദമായ നടപടികള്‍ ഇടതുഭരണത്തില്‍ ഉണ്ടായെങ്കിലും അതിന്റെ പ്രഭ കെടുത്തുന്ന പലതും സര്‍ക്കാരില്‍നിന്നും ഭരണം നയിക്കുന്ന സി.പി.എമ്മില്‍ നിന്നുമുണ്ടായി.
രാഷ്ട്രീയ കൊലപാതകങ്ങള്‍, കസ്റ്റഡി മരണങ്ങള്‍, ഭരണത്തണലിലുള്ള ഭൂമി കൈയേറ്റങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തുടങ്ങിയ ഭരണവീഴ്ചകള്‍ ഇടതുപക്ഷത്തെ പിന്തുണച്ചുപോന്നവരെപ്പോലും ശത്രുക്കളാക്കി മാറ്റാനിടയാക്കി. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സ്വീകരിച്ച അപക്വവും ധൃതിപിടിച്ചതുമായ നിലപാട് വന്‍തോതില്‍ അയ്യപ്പഭക്തരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ഇത്തരം വിഷയങ്ങളിലുള്ള വിയോജിപ്പുകള്‍ക്കു നേരെ ഭരണാധികാരികളടക്കമുള്ള നേതാക്കള്‍ പ്രകടിപ്പിച്ച അസഹിഷ്ണുതയും ധാര്‍ഷ്ട്യവും ജനമനസുകളില്‍ സൃഷ്ടിച്ച പ്രതിഷേധം കൂടിയായപ്പോള്‍ ഇടതു വീഴ്ചയ്ക്ക് അരങ്ങൊരുങ്ങുകയാണുണ്ടായത്.
കേരളത്തില്‍ ഇടതുപക്ഷത്തിനും രാജ്യത്തു മൊത്തമെടുത്താല്‍ കോണ്‍ഗ്രസിനുമുണ്ടായ പരാജയങ്ങളില്‍നിന്ന് അവര്‍ക്കൊക്കെ ഏറെ പഠിക്കാനുണ്ട്. കോണ്‍ഗ്രസിന്റെ തകര്‍ച്ച മതേതര ഇന്ത്യയുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നതിനാല്‍ എന്തൊക്കെ ദോഷമുണ്ടെങ്കിലും കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ ജനാധിപത്യ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഒരു തിരുത്തല്‍ ശക്തിയെന്ന നിലയിലെങ്കിലും ഇടതുപക്ഷ സാന്നിധ്യമുണ്ടാകേണ്ടതുമുണ്ട്. ഇപ്പോള്‍ നേരിട്ട രാഷ്ട്രീയ ദുരന്തത്തില്‍നിന്ന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകണമെങ്കില്‍ ഈ കക്ഷികളെല്ലാം രാഷ്ട്രീയ അഹന്തകള്‍ മാറ്റിവച്ചുകൊണ്ടുള്ള സത്യസന്ധമായ ആത്മപരിശോധനയ്ക്കു തയാറാവേണ്ടതുണ്ട്. മതേതര രാഷ്ട്രീയ ധാരകളെയെല്ലാം ഇല്ലാതാക്കാന്‍ ഹിന്ദുത്വ വര്‍ഗീയ ഫാസിസം കച്ചകെട്ടി നില്‍ക്കുന്നൊരു സാഹചര്യത്തില്‍ അതിന് ഇനിയും വൈകിയാല്‍ പൂര്‍ണ വിനാശമായിരിക്കും ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."