മൂന്നാറില്‍ അഞ്ചേക്കര്‍ കൈയേറ്റഭൂമിയും കെട്ടിടങ്ങളും തിരിച്ചുപിടിച്ചു
സ്വന്തം ലേഖകന്‍
തൊടുപുഴ: മൂന്നാര്‍ സൂര്യനെല്ലിയില്‍ വെള്ളൂക്കുന്നേല്‍ കുടുംബം അനധികൃതമായി കൈവശം വച്ചിരുന്ന സര്‍ക്കാര്‍ ഭൂമിയും കെട്ടിടങ്ങളും ദേവികുളം സബ് കലക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തിരിച്ചുപിടിച്ചു.
ഇന്ന് കൈയേറ്റക്കാര്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അവധി ദിവസമായിട്ടും ഞായറാഴ്ച ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തിര നിര്‍ദേശം നല്‍കിയത്. പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 60 പൊലിസുകാര്‍ ഉള്‍പ്പെടെ നൂറോളം വരുന്ന ഉദ്യോഗസ്ഥസംഘമാണ് ഭൂമി ഏറ്റെടുക്കാനായി ഇന്നലെ രാവിലെ സ്ഥലത്തെത്തിയത്.
വെള്ളൂക്കുന്നേല്‍ ജിമ്മി സഖറിയ കൈവശം വച്ചിരുന്ന 9.015 ഏക്കറില്‍ അഞ്ചേക്കര്‍ ഭൂമിയാണ് കണ്ടുകെട്ടിയത്. റോഡിന്റെ ഇരുവശത്തുമായുള്ള ആനയിറങ്കല്‍ ക്യാംപ്, കലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാംപ് എന്നിവയും കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ഒരു വീടും 14 ടെന്റുകളും താല്‍ക്കാലിക ഷെഡ്ഡുകളും പിടിച്ചെടുത്ത സ്ഥലത്ത് ഉള്‍പ്പെടും. കെട്ടിടത്തിന്റെ ഡോറില്‍ നോട്ടിസ് പതിച്ചു. പിന്നാലെ ഗേറ്റിലെ താഴ് അറുത്തുമാറ്റി പുതിയത് സ്ഥാപിച്ചു. കലിപ്‌സോ അഡ്വഞ്ചേഴ്‌സിനു മുന്നിലായി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. ഗേറ്റിനുള്ളില്‍ ഒരു ആഡംബര കാറും കിടപ്പുണ്ട്. ജിമ്മി സഖറിയയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാന്‍ തയാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജിമ്മി സഖറിയ തന്റെ ഭൂമിയെന്ന് അവകാശപ്പെട്ട സ്ഥലങ്ങളുടെ നാലു പട്ടയങ്ങളാണ് സബ് കലക്ടര്‍ മുമ്പാകെ ഹാജരാക്കിയത്. ഇതില്‍ മൂന്നും വ്യാജമാണെന്നും ഒരു പട്ടയത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പുറമ്പോക്കായ ഭൂമി കൈയേറിയിരുന്നതെന്നും കണ്ടെത്തി. ഈ പട്ടയ സ്ഥലം ഇവിടെ നിന്ന് അര കിലോമീറ്ററോളം അകലെയാണ്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, എല്‍.ആര്‍ തഹസില്‍ദാര്‍ കെ.എസ് ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഗോപകുമാര്‍, കൃഷ്ണകുമാര്‍, മൂന്നാര്‍ എ.എസ്.പി സ്വപ്നില്‍ മഹാജന്‍ എന്നിവരും ഉദ്യോഗസ്ഥസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."