ട്രെയിലര്‍ ലോറി തട്ടി മറിഞ്ഞ് മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു
കളമശേരി: സൗത്ത് കളമശേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ട്രെയിലര്‍ ലോറി മേല്പാലത്തില് തട്ടി മറിഞ്ഞു.
വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും രണ്ട് ഇരുചക്രവാഹനങ്ങളും ലോറിക്കടിയില്‍പ്പെട്ട് തകര്‍ന്നു.മെട്രോ നിര്‍മ്മാണം നടക്കുന്നതിനാല്‍ നഗരസഭയ്ക്ക് മുന്നില്‍ നിന്ന് പഴയ ദേശീയ പാതയിലൂടെ കടത്തി വിട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ആലുവ ഭാഗത്തേക്ക് പോയ ട്രെയിലര്‍ ലോറി മേല്‍പ്പാലത്തില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വീഴുകയായിരുന്നു. വാഹനത്തില്‍ ലോഡൊന്നും ഉണ്ടായിരുന്നില്ല. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഒരു സ്കൂട്ടറും ബൈക്കും ലോറിക്കടിയില്‍പ്പെട്ട് തകര്‍ന്നു.
കാറില്‍ രണ്ട് പേര് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കാറിന്റെ പിന്‍ഭാഗം മാത്രം അടിയില്‍പ്പെട്ടത് കൊണ്ട് വാഹനത്തിലുള്ളവര്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.പഴയ ദേശീയ പാതയില്‍ സൗത്ത് കളമശേരിയിലെ റെയില്‍വേ മേല്‍പ്പാലത്തിന് ഉയരം കുറവായതിനാല്‍ ഉയരമുള്ള വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
മെട്രോ അധികൃതരോട് രാത്രിയില്‍ ഇത് വഴി വലിയ വാഹനങ്ങള്‍ കടത്തി വിടരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചെവി കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഉച്ചയോടെ വാഹനം ഉയര്‍ത്തി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."