മോദി രാജിക്കത്ത് നല്‍കി: പുതിയ സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്യും, കേരളത്തില്‍ നിന്നും പ്രതിനിധിയുണ്ടാകും
ന്യുഡല്‍ഹി: പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുശേഷം അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ട് രാജിക്കത്ത് കൈമാറി. രാജി രാഷ്ട്രപതി അംഗീകരിച്ചു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ മാസം 30ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. സര്‍ക്കാരിന്റെ അവസാന കേന്ദ്ര മന്ത്രിസഭായോഗം ദില്ലിയില്‍ പൂര്‍ത്തിയായി.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ നരേന്ദ്രമോദി ഇന്ന് കണ്ട് ചര്‍ച്ച നടത്തി. അമിത്ഷായും കൂടെയുണ്ടായിരുന്നു. അദ്വാനിയുടെയും ജോഷിയുടെയും കാല്‍തൊട്ട് വന്ദിച്ച് ഇവരാണ് ബിജെപിയെ വളര്‍ത്തിയതെന്ന് മോദി ട്വീറ്റ് ചെയ്തു.
നാളെയോ മറ്റന്നാളോ പാര്‍ലമെന്ററി പാര്‍ട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുക്കും. 26ന് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദവുമായി രാഷ്ട്രപതിയെ കാണും. 29ന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം. 29ന് അഹമ്മദാബാദില്‍ എത്തി അമ്മയെ കണ്ട് ആശിര്‍വാദം വാങ്ങും. 30നാകും സത്യപ്രതിജ്ഞ ചടങ്ങ്.
ലോക നേതാക്കളുടെ വലിയ സാന്നിധ്യം മോദിയുടെ രണ്ടാംവരവില്‍ ഉണ്ടാകുമെന്നാണ് സൂചന. ഗുജറാത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച അമിത്ഷാ മന്ത്രിസഭയില്‍ രണ്ടാമനാകും എന്ന ചര്‍ച്ചകളും സജീവമാണ്. ആഭ്യന്തര വകുപ്പാകും അമിത്ഷാ കയ്യാളുക.
എന്നാല്‍ അമിത്ഷാ പാര്‍ട്ടി അധ്യക്ഷനായി തന്നെ തുടരുമെന്ന സൂചനകളും ഉണ്ട്. അമിത്ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കില്‍ രാജ്‌നാഥ് സിംഗ് തന്നെയാകും ആഭ്യന്തര മന്ത്രി.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജെയ്റ്റ്‌ലി പുതിയ മന്ത്രിസഭയില്‍ ഉണ്ടായേക്കില്ല. ജെയ്റ്റ്‌ലിയില്ലെങ്കില്‍ പിയൂഷ് ഗോയലാകും ധനമന്ത്രി. വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനമാണ് സുഷമസ്വരാജ് നടത്തിയത്. സുഷമ സ്വരാജ് തുടരാനുള്ള സാധ്യതയുണ്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങളനുവദിക്കുമോ എന്ന ആശങ്കയുണ്ട്.
കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ എന്നീ പേരുകളാണ് അഭ്യൂഹങ്ങളിലുള്ളത്. പശ്ചിമബംഗാള്‍, ഒഡീഷ, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കും. എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് അമിത്ഷാ സൂചന നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."