പ്രളയം കഴിഞ്ഞു; പോത്തുണ്ടി കുടിവെള്ളവിതരണം സാധാരണ നിലയിലേക്ക്
പോത്തുണ്ടി: ശക്തമായ മഴയും നെല്ലിയാമ്പതിയിലെ ഉരുള്‍പൊട്ടലുംമൂലം ചെളിനിറഞ്ഞ പോത്തുണ്ടി ഡാമില്‍ നിന്നുള്ള ജലവിതരണം സാധാരണ നിലയിലേക്ക്. ഡാമിലെ വെള്ളം പൂര്‍ണമായും ചെളി നിറഞ്ഞതോടെ അഞ്ചുദിവസം പൂര്‍ണമായും ജലവിതരണം നിര്‍ത്തിവച്ചിരുന്നു.
വെള്ളം ശുദ്ധീകരണശാലയിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ചെളി നിറഞ്ഞതിനാലാണ് ജലവിതരണം നിര്‍ത്തിവയ്ക്കേണ്ടി വന്നത്. കനത്ത മഴയില്‍ ഓഗസ്റ്റ് 16 നാണ് നെല്ലിയാമ്പതിയിലെ ചുരം പാതയിലും ഡാമിനോട് ചേര്‍ന്നുള്ള ഗോവിന്ദാമലയുടെ താഴ്വാരത്തും വലിയ ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ ഡാമിലേക്ക് വലിയ തോതില്‍ മണ്ണും പാറകഷണങ്ങളും ഒലിച്ചിറങ്ങിയാണ് ഡാം പൂര്‍ണമായും കലങ്ങിമറിഞ്ഞത്.
ഇതോടെ സൂപ്പര്‍ ക്ലോറിനേഷന് നടത്തി ജലവിതരണം നടത്തിയെങ്കിലും വെള്ളത്തിലെ ചെളി കുറഞ്ഞിരുന്നില്ല. ഇതോടെയാണ് ജലവിതരണം നിര്‍ത്തിയത്. ഇപ്പോള്‍ ഡാമിലെ വെള്ളത്തില്‍ കലക്കത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. മുകളില്‍നിന്നുള്ള വാല്വിലൂടെയൂടെയാണ് ഇപ്പോള്‍ പമ്പിങ് നടത്തി ശുചീകരിച്ചശേഷം ജലവിതരണം നടത്തുന്നത്.
എങ്കിലും ശരിയായി വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഡാമിലേക്ക് വന്‍തോതില്‍ മണ്ണടിഞ്ഞുകൂടിയതു പരിശോധിക്കുന്നതിനായി പീച്ചി കേരള എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."