ശക്തി കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞു; എല്‍.ജെ.ഡി നേതൃത്വം പ്രതിരോധത്തില്‍
വടകര: തെരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍.ജെ.ഡിയുടെ എല്‍.ഡി.എഫ് പ്രവേശം ഒട്ടും ഫലം ചെയ്തില്ല. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് മേല്‍ക്കോയ്മയുള്ള വടകര, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥനാര്‍ഥി വ്യക്തമായ മേല്‍ക്കൈ നേടി.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ എഴുപതിനായിരത്തിലധികം വോട്ടുകളുണ്ടെന്നാണ് എല്‍.ജെ.ഡി അവകാശവാദമുന്നയിച്ചിരുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. വടകര നിയമസഭാ മണ്ഡലത്തില്‍ മാത്രം 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ കെ. മുരളീധരന്‍ 110276 വോട്ടുകള്‍ നേടി. 2014ല്‍ ദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം യു.ഡി.എഫിലായിരുന്നു.
വടകരയില്‍ ആര്‍.എം.പിയുടെ സ്വാധീനത്തില്‍ വരുന്ന വോട്ടുകള്‍ എല്‍.ജെ.ഡിയെ ഉപയോഗിച്ച് മറികടക്കാം എന്ന ഇടതുമുന്നണിയുടെ വിശ്വാസമാണ് തകര്‍ന്നത്. വടകര മണ്ഡലത്തിലെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ആര്‍.എം.പി.ഐക്ക് അഭിമാനിക്കാം. അതുതന്നെയാണ് ഇന്നലെ ഒഞ്ചിയത്ത് എത്തിയ കെ. മുരളീധരന്റെ വാക്കുകളിലുണ്ടായിരുന്നത്.
എല്‍.ജെ.ഡി വലിയ സ്വാധീന ശക്തിയാകുമെന്ന് കണക്കാക്കിയ ഏറാമല പഞ്ചായത്തിലും യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. കൊലപാതക രാഷ്ട്രീയമെന്ന പ്രചാരണം സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയതായി കാണാം. തെരഞ്ഞെടുപ്പിന്റെ ബൂത്തുതല കമ്മിറ്റികള്‍ വിളിച്ചപ്പോള്‍ എല്‍.ജെ.ഡി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വിട്ടുനിന്നത് അന്ന് നേതാക്കളെ വിഷമത്തിലാക്കിയിരുന്നു. നേതാക്കളില്‍ ചിലര്‍ക്കുണ്ടാകുന്ന ചില നേട്ടങ്ങള്‍ കൊണ്ട് ഇടക്കിടെ രാഷ്ട്രീയ ആദര്‍ശം മാറ്റുന്ന നയത്തിനെതിരെയുള്ള അണികളുടെ പ്രതികരണമായിരുന്നു എല്‍.ജെ.ഡി വോട്ടുകള്‍ പി. ജയരാജന് ലഭിക്കാതിരിക്കാന്‍ കാരണം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തങ്ങളോട് ചര്‍ച്ച നടത്തിയില്ലെന്ന ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ ആദ്യ പ്രതികരണത്തെ ചില സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന ഉറപ്പിലാണ് ഇടതുമുന്നണി ഒതുക്കിയത്. യു.ഡി.എഫില്‍ നിന്നു രാജ്യസഭാ സീറ്റടക്കം ലഭിച്ചിട്ടും കാരണങ്ങളൊന്നും പറയാതെ മുന്നണി മാറിയത് വടകരയിലെ ദള്‍ അണികള്‍ക്ക് ഇനിയും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നേതാക്കളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് തങ്ങള്‍ എന്തിന് കൂട്ടുനില്‍ക്കണമെന്ന സാധാരണക്കാരായ എല്‍.ജെ.ഡി പ്രവര്‍ത്തകരുടെ വികാരമാണ് വടകരയിലെ വോട്ടിങ്ങില്‍ പ്രതിഫലിച്ചത്. തോല്‍വിയുടെ പരിശോധന ഘട്ടങ്ങളില്‍ ഇടതുമുന്നണിയില്‍ എല്‍.ജെ.ഡി നേതൃത്വം വെള്ളം കുടിക്കുന്നതും ഇതേ വോട്ടുചോര്‍ച്ച കൊണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."