കയ്പമംഗലം മണ്ഡലത്തില്‍ 'എ' ഗ്രൂപ്പിന്റെ പ്രത്യേക യോഗം
കൊടുങ്ങല്ലൂര്‍: യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത്മാര്‍ച്ചും കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പമായും ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലത്തില്‍ 'എ' ഗ്രൂപ്പിന്റെ പ്രത്യേക യോഗം. യോഗത്തില്‍ ക്ഷണിക്കപ്പെട്ടവരെ ചൊല്ലി നേതാക്കന്‍മാര്‍ തമ്മില്‍ വാക്കേറ്റവും ബഹളവും.തിങ്കളാഴ്ച വൈകീട്ടാണ് എടവിലങ്ങിലെ ഒരു മുന്‍ഭാരവാഹിയുടെ വീട്ടില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ ചിലരെ വിളിക്കേണ്ടന്ന് തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ സംഘാടകര്‍ ഇവരെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയതാണ് തര്‍ക്കത്തിനിടയാക്കിയത്. മാത്രമല്ല 'എ' ഗ്രൂപ്പില്‍ നിന്നും അകന്നുനിന്നിരുന്ന കയ്പമംഗലത്ത് നിന്നുമുള്ള ഒരു നേതാവിനെ യോഗത്തിലേക്ക് വിളിച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്നുമുള്ള ഒരു വിഭാഗം 'എ'ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരും യോഗത്തില്‍ നിന്നും വിട്ടുനിന്നു.
ഡീന്‍ കുര്യാക്കോസിന്റെ യൂത്ത് മാര്‍ച്ച് പരാജയപ്പെടുത്താന്‍ ജില്ലയില്‍ 'ഐ'ഗ്രൂപ്പ് സംഘടിതമായ ശ്രമങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് 'എ'ഗ്രൂപ്പ് എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രത്യേക ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തത്. ഒ. അബ്ദുറഹിമാന്‍കുട്ടി, പി.എ. മാധവന്‍, ടി.എം. നാസര്‍, ജോസഫ് ടാജറ്റ്, എന്‍.കെ. സുധീര്‍ തുടങ്ങിയ 'എ'ഗ്രൂപ്പ് നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."