ആലഞ്ചേരിക്കെതിരേ വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത സര്‍ക്കുലര്‍
കൊച്ചി: സിറോ മലബാര്‍ സഭയ്ക്കുള്ളിലെ ആഭ്യന്തര ഭിന്നതകള്‍ രൂക്ഷമാക്കിക്കൊണ്ട് അതിരൂപത സര്‍ക്കുലര്‍. വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറിലുള്ളത്. അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നു വായിക്കുന്നതിനായി തയാറാക്കിയ സര്‍ക്കുലറിലാണ് ആലഞ്ചേരിയുടെ നടപടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. പൊലിസ് അന്വേഷണത്തെ പൂര്‍ണമായും തള്ളിയാണ് അതിരൂപതയുടെ സര്‍ക്കുലര്‍.
അതിരൂപതയ്ക്കായി പ്രോ പ്രോട്ടോസിഞ്ചല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെയും വ്യാജ രേഖാക്കേസിലെ അന്വേഷണ സംഘത്തെയും വിമര്‍ശിക്കുന്നത്. അതിരൂപത മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെയും അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കാമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
അതിനാലാണ് ഇരുവരും പ്രതിസ്ഥാനത്ത് തുടരുന്നത്. കേസില്‍ ഗൂഢാലോചന നടന്നുവെന്ന വാദം തെറ്റാണ്. കേസില്‍ അറസ്റ്റിലായ ആദിത്യ സക്കറിയ വ്യാപാര സ്ഥാപനത്തിലെ ജോലിക്കിടയില്‍ കണ്ടെത്തിയ രേഖകളാണ് വിവാദത്തിന് ആധാരം.
ആദിത്യയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച് രേഖകള്‍ വ്യാജമായി നിര്‍മിച്ചവയെന്ന് മൊഴി നല്‍കാന്‍ പൊലിസ് നിര്‍ബന്ധിച്ചു. വ്യാജരേഖകള്‍ നിര്‍മിക്കാന്‍ വൈദികര്‍ പ്രേരണ നല്‍കിയെന്ന വാദം തെറ്റാണ്. വ്യാജരേഖാക്കേസിലെ സത്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്തണം. വിഷയത്തില്‍ പരിഹാരത്തിന് പ്രാര്‍ഥനാ അഹ്വാനവും നല്‍കുന്നതാണ് അതിരൂപത പുറത്തിറക്കിയ സര്‍ക്കുലര്‍.
നേരത്തെ സഭാ ആസ്ഥാനത്ത് നടന്ന സ്ഥിരം സിനഡിന്റെ അടിയന്തിര യോഗത്തില്‍ വ്യാജരേഖാ കേസ് ചര്‍ച്ചചെയ്തിരുന്നു. സഭാഅധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കാനാണ് വ്യാജരേഖാ കേസ് നിര്‍മിച്ചതെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച സമഗ്രമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നിയമനടപടികളുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം.
അതേസമയം കേസിലെ ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടും നാലാം പ്രതി ഫാ. ടോണി കല്ലൂക്കാരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതി 28ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇരുവരും അപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."