ആരാകും മാഡ്രിഡില്‍: യുവേഫ ചാംപ്യന്‍സ് ലീഗ് സെമി രണ്ടാം പാദം
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് സെമി പോരാട്ടത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ന് മാഡ്രിഡ് നാട്ടങ്കം. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തില്‍ അരങ്ങേറുന്ന പോരാട്ടത്തില്‍ ആദ്യ പാദത്തിലെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെ കടവുമായാണ് സിമിയോണിയുടെ സംഘം സ്വന്തം മണ്ണില്‍ തിരിച്ചുവരവിനായി ഇറങ്ങുന്നത്.
മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കിരീട ഭാഗ്യം ഇല്ലാത്ത ടീമാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. 1974, 2014, 2016 വര്‍ഷങ്ങളിലാണ് അവര്‍ ഫൈനലിലെത്തിയത്. 2014ലും 16ലും റയല്‍ മാഡ്രിഡാണ് അവരെ കീഴടക്കിയത്. അതിനാല്‍ ജീവന്‍മരണ പോരാട്ടം നടത്തി ഇന്ന് വിജയം സ്വന്തമാക്കി ഫൈനലുറപ്പിക്കുകയാണ് അത്‌ലറ്റിക്കോ ലക്ഷ്യമിടുന്നത്. റയലാകട്ടെ 11 വട്ടം കിരീടം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് ട്രോഫി കൈവശം വച്ച ടീമെന്ന ഖ്യാതിയുള്ളവരാണ്. നിലവിലെ ജേതാക്കളായ അവര്‍ ഇത്തവണയും കിരീടം നേടി ചാംപ്യന്‍സ് ലീഗ് നിലനിര്‍ത്തുന്ന ആദ്യ സംഘമെന്ന റെക്കോര്‍ഡാണ് മുന്നില്‍ കാണുന്നത്.
ലാ ലിഗ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇരു മാഡ്രിഡ് സംഘവും ഇന്ന് പോരിനെത്തുന്നത്. ഗ്രനാഡയെ 4-0ത്തിന് കീഴടക്കിയാണ് റയലിന്റെ വരവെങ്കില്‍ അത്‌ലറ്റിക്കോ ഒറ്റ ഗോളിന് എയ്ബറിനെയാണ് വീഴ്ത്തിയത്.
ഗ്രനാഡയ്‌ക്കെതിരായ പോരാട്ടത്തില്‍ ജയിംസ് റോഡ്രിഗസും ആല്‍വരോ മൊറാറ്റയും ഇരട്ട ഗോള്‍ നേടിയിരുന്നു. ഇന്ന് ആദ്യ ഇലവനില്‍ ഇരുവര്‍ക്കും സ്ഥാനമുണ്ടാകില്ലെങ്കിലും ബെഞ്ചിലുള്ള താരങ്ങളും മികവിലാണെന്ന ആശ്വാസം സിദാന് സമ്മാനിക്കുന്നതാണ് ഇരുവരുടേയും ലാ ലിഗയിലെ പ്രകടനം. ആദ്യ പാദത്തില്‍ ഹാട്രിക്ക് ഗോളോടെ കത്തുന്ന ഫോം പ്രദര്‍ശിപ്പിച്ച ക്രിസ്റ്റ്യാനോയുടെ മികവ് തന്നെയാണ് റയലിന്റെ പ്ലസ് പോയിന്റ്. ഒപ്പം പ്രതിരോധത്തില്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ മികവും അവര്‍ക്കുണ്ട്. അതേസമയം സീസണില്‍ ബ്രസീല്‍ താരം മാഴ്‌സലോ പ്രദര്‍ശിപ്പിക്കുന്ന അപാര മികവാണ് റയലിന് കൂടുതല്‍ ശക്തി നല്‍കുന്നത്. കയറിയും ഇറങ്ങിയും അധ്വാനിച്ച് കളിക്കുന്ന മാഴ്‌സലോയുടെ സാന്നിധ്യം എതിര്‍ ടീമിന് ഉണ്ടാക്കുന്ന അലോസരം ചെറുതല്ല. മാഴ്‌സലോയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള രസതന്ത്രം മൈതാനത്ത് ഫലപ്രദമായി രൂപം കൊള്ളുന്നതും റയലിന്റെ സമീപ കാല പ്രകടനങ്ങളില്‍ നിര്‍ണായകമായി നില്‍ക്കുന്നു.
കഴിഞ്ഞ സീസണ്‍ വരെ അത്‌ലറ്റിക്കോ പ്രദര്‍ശിപ്പിച്ച പോരാട്ട വീര്യത്തിന് ഇത്തവണ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. പലപ്പോഴും ലാ ലിഗയിലടക്കം അവരുടെ പ്രകടനത്തില്‍ കാര്യമായ വ്യതിയാനങ്ങളുണ്ടായി. മനോഹരമായി എതിര്‍ മുന്നേറ്റങ്ങളെ പ്രതിരോധിച്ചിരുന്ന അവര്‍ക്ക് ഇത്തവണ പക്ഷേ ആ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോകുന്നു. ആദ്യ പാദത്തില്‍ അവരുടെ പ്രതിരോധം അമ്പേ പാളിപ്പോയതിന്റെ തെളിവായിരുന്നു റയലിന്റെ മൂന്ന് ഗോള്‍ വിജയം.
മുന്നേറ്റത്തില്‍ അന്റോയിന്‍ ഗ്രിസ്മാന്‍ മികവ് കാട്ടാത്തതും തിരിച്ചടിയാണ്. നിര്‍ണായകമായ ഇന്നത്തെ പോരാട്ടത്തില്‍ താരം മികവിലേക്കെത്തുമെന്നാണ് അത്‌ലറ്റിക്കോ പ്രതീക്ഷിക്കുന്നത്. സീസണ്‍ അവസാനിക്കുന്നതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോകാന്‍ ഫ്രഞ്ച് താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അത്‌ലറ്റിക്കോക്ക് മിന്നും വിജയം സമ്മാനിക്കാനുള്ള അവസരമാകും ഗ്രിസ്മാന്റെ മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."