വിഷ്ണുമംഗലം പുഴ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ രംഗത്ത്
നാദാപുരം: വിഷ്ണുമംഗലം പുഴ സംരക്ഷിക്കാന്‍ ജനകീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ചളിയും മണ്ണും നിറഞ്ഞ് ജല സംഭരണശേഷി നഷ്ടമായതോടെയാണ് പ്രദേശവാസികള്‍ പുഴ സംരക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയത്.
വടകരയിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് പുഴയിലെ വെള്ളം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള പമ്പിങ് കേന്ദ്രത്തില്‍നിന്ന് പുറമേരിയിലേക്കു പൈപ്പുവഴി വെള്ളമെത്തിച്ച് ശുദ്ധീകരിച്ച ശേഷം വടകരയിലേക്കു വിതരണം ചെയ്യാറാണ് പതിവ്. നേരത്തെ വേനല്‍ക്കാലത്ത് പുഴയിലെ ജലവിതാനം താഴുമ്പോള്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ച് വെള്ളം തടഞ്ഞു നിര്‍ത്തുകയായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ 1987ല്‍ ജല അതോറിറ്റിയുടെ തീരുമാന പ്രകാരം നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ നാലു മീറ്റര്‍ ഉയരമുള്ള കോണ്‍ക്രീറ്റ് ബണ്ട് പുഴയ്ക്കു കുറുകെ സ്ഥാപിച്ചതോടെയാണ് പുഴയുടെ നാശം തുടങ്ങിയത്.
മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുവരുന്ന ചളിയും മണ്ണും താഴ്ഭാഗത്തേക്കു പോകാതെ ബണ്ടിനു മുകള്‍ഭാഗങ്ങളില്‍ കുമിഞ്ഞുകൂടുകയാണ്. ഇതേതുടര്‍ന്ന് കിലോമീറ്റര്‍ നീളത്തില്‍ മണ്ണടിഞ്ഞു പുഴയും കരയും തമ്മിലുള്ള വേര്‍തിരിവ് നഷ്ടമാവുകയും പുഴയുടെ ആഴം ഗണ്യമായി കുറയുകയും ചെയ്തു.
പുഴയുടെ ആഴം കുറഞ്ഞ് ജല സംഭരണശേഷി വന്‍തോതില്‍ കുറഞ്ഞതോടെ വര്‍ഷം മുഴുവന്‍ ഇടമുറിയാതെ ഒഴുകിയിരുന്ന പുഴയുടെ പലഭാഗങ്ങളും നീര്‍ച്ചാലുകളായി മാറിയിരിക്കുകയാണ്. 2010ല്‍ പുഴയിലെ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം ചെയ്തിരുന്നു.
അന്നു നാദാപുരം എം.എല്‍.എ ആയിരുന്ന ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയും മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍നടപടിയും ഉണ്ടായിട്ടില്ല.
പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്നലെ പുഴയോരത്ത് നടന്ന ബഹുജന കണ്‍വന്‍ഷന്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ അഹ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. തൊടുവയില്‍ മഹ്മൂദ് അധ്യക്ഷനായി.
മോഹനന്‍ പാറക്കടവ്, ടി. കണാരന്‍, കെ.ടി.കെ സ്വാതി, താഹിറ ഖാലിദ്, കുറുവയില്‍ അഹ്മദ്, ജമാല്‍ കല്ലാച്ചി, ടി.വി മമ്മു മാസ്റ്റര്‍, സി.കെ ജമീല, മധുപ്രസാദ്, വയലോളി അബ്ദുല്ല, എന്‍.കെ അബ്ദുല്‍ സലീം, കൊടുകണ്ടി മൊയ്തു, നസീര്‍ വളയം, കെ.പി കുമാരന്‍, സി.എച്ച് റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."