ജെ.ഡി.എസില്‍ പ്രതിസന്ധി തുടരുന്നു; അനുനയ ശ്രമവും
കോഴിക്കോട്: സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചെങ്കിലും ജനതാദള്‍ എസിലെ പ്രതിസന്ധി അയയുന്നില്ല. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട സി.കെ നാണു എം.എല്‍.എയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമതനീക്കം ശക്തമാക്കി. അതേസമയം, ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ അസംതൃപ്തനായ നാണുവിനെ അനുനയിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും വാഗ്ദാനം ചെയ്തു കൂടെനിര്‍ത്താനാണ് നീക്കം. ഈ നിര്‍ദേശം ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനു മുന്‍പാകെ അവതരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിക്കുന്ന നീക്കങ്ങള്‍ നാണുവിന്റെ ഭാഗത്തുനിന്ന് ഉടന്‍ ഉണ്ടാവില്ലെന്നാണ് സൂചന. നാണു വിഭാഗം ഈ മാസം 15ന് വിളിച്ചുചേര്‍ത്തിരുന്ന സംസ്ഥാന കമ്മിറ്റി യോഗം മാറ്റിവച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ യോഗം തല്‍ക്കാലം നടത്തേണ്ടെന്നാണ് നാണു വിഭാഗത്തിന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ തെറ്റിദ്ധാരണ മൂലമാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതെന്നാണ് സി.കെ നാണു പക്ഷത്തിന്റെ നിലപാട്. എന്നാല്‍ നാണുവിന്റെ ഏകപക്ഷീയ തീരുമാനങ്ങളാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം.
മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നടത്തിയ നീക്കങ്ങളാണ് നടപടിയിലേക്ക് എത്തിച്ചതെന്നാണ് സി.കെ നാണുവിന് ഒപ്പമുള്ളവരുടെ വാദം. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേശീയ നേതൃത്വം മുന്‍മന്ത്രി മാത്യു.ടി തോമസിനെ പ്രസിഡന്റാക്കി ഏഴംഗ താല്‍ക്കാലിക കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിരന്തരം ധിക്കരിച്ചതിനുള്ള നടപടിയെന്ന നിലയ്ക്കാണ് നാണുവിനെയും അദ്ദേഹം നയിക്കുന്ന സംസ്ഥാന കമ്മിറ്റിയേയൂം പരിച്ചുവിട്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളത്ത് മത്സരിച്ച ജമീല പ്രകാശത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്ന ചന്ദ്രകുമാറിനെ ജനറല്‍ സെക്രട്ടറിയാക്കിയതും കോട്ടയം ജില്ലാ പ്രസിഡന്റായി മാത്യു ജേക്കബിനെ നിയമിച്ചതും റദ്ദാക്കണമെന്ന് ദേശീയ നേതൃത്വം സി.കെ നാണുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു നടപ്പാക്കാന്‍ അദ്ദേഹം തയാറായില്ലെന്ന് മാത്രമല്ല മറ്റു ഭാരവാഹികളുമായി ചര്‍ച്ച നടത്താതെ വേറെ ആറുപേരെ സംസ്ഥാന ഭാരവാഹികളായി നിയമിക്കുകയും ചെയ്തു. ഇതാണ് കേന്ദ്രനേതൃത്വത്തെ കടുത്ത നടപടിയിലേക്കു നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."