അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിര്‍മാണത്തിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ലൈഫ് മിഷനെതിരായ സി.ബി.ഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച ഉത്തരവ് പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ലൈഫ് പദ്ധതിയെ ആരും തെറ്റായി ചിത്രീകരിക്കാന്‍ തയാറാകരുത്. രണ്ടുതവണ വാദം കേട്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവായി സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷന് സ്പോണ്സറില് നിന്ന് നേരിട്ടു വിദേശ സംഭാവന വാങ്ങിയിട്ടില്ലെന്നതില് തര്‍ക്കമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ കൊവിഡ് കണക്കുകള്‍ അവതരിപ്പിച്ച ശേഷം ഇത്തരം ഒരു ചോദ്യം പ്രതീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി കോടതി വിധിയോടുള്ള പ്രതികരണം അറിയിക്കുകയായിരുന്നു. സര്‍ക്കാരിനെതിരേ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തിനടക്കം വലിയ നിരാശയുണ്ടാക്കുന്നതാണ് ഈ വിധി. വിധിയില്‍ അഹങ്കരിക്കാനൊന്നും സര്‍ക്കാരില്ല. നിയമപരമായ വഴിയില്‍ അന്വേഷണം തുടരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."