HOME
DETAILS
MAL
കൊവിഡ് ബാധിതരില്‍ പ്രതിരോധശേഷി ഏഴു മാസം വരെ നിലനില്‍ക്കുമെന്ന്
backup
October 14 2020 | 19:10 PM
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ചവരില്‍ പ്രതിരോധശേഷി അഞ്ചു മുതല്‍ ഏഴു മാസം വരെ നിലനില്‍ക്കുമെന്ന് പുതിയ പഠനം. ഇന്ത്യന്‍ വംശജയായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള അരിസോണ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ഇതിനായി കൊവിഡ് ബാധിച്ച 6,000 പേരുടെ സാംപിളെടുത്ത് അവരിലെ ആന്റിബോഡി ഉല്‍പ്പാദനം ഗവേഷകര്‍ നിരീക്ഷിച്ചു. കൊവിഡ് ബാധിതരില്‍ പ്രതിരോധശേഷി ഒരു മാസത്തിനകം നഷ്ടമാകുന്നതായി ആശങ്ക ഉയരുന്നതിനിടെയാണ് ആശ്വാസമേകുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കോശങ്ങളെ വൈറസ് ബാധിക്കുമ്പോള്‍ കുറഞ്ഞ കാലം നിലനില്‍ക്കുന്ന പ്ലാസ്മ കോശങ്ങളെ ശരീരം പ്രതിരോധത്തിനായി വിന്യസിക്കുന്നു. അവ ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡി വൈറസിനെ നേരിടും. ഈ ആന്റ്‌ബോഡി വൈറസ് ബാധിച്ച് 14 ദിവസത്തിനകമേ രക്തപരിശോധനയില്‍ കണ്ടെത്താനാവൂ.
ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന പ്ലാസ്മ കോശങ്ങളെ ശരീരം നിര്‍മിക്കുന്നതാണ് രണ്ടാം ഘട്ടം. അപ്പോള്‍ കൂടുതല്‍ ഗുണമേന്മയുള്ള ആന്റിബോഡിയാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. അത് മാസങ്ങളോളം നിലനില്‍ക്കുന്ന പ്രതിരോധശേഷി നല്‍കുന്നു- ഗവേഷകര്‍ വ്യക്തമാക്കുന്നു.
കൊവിഡ് ബാധിതരിലെ ആന്റിബോഡിയുടെ അളവ് മാസങ്ങളോളം പഠനവിധേയമാക്കിയാണ് അവര്‍ ഇക്കാര്യം ഉറപ്പിച്ചത്.
കൊവിഡിനോട് സാമ്യമുള്ള സാര്‍സ് രോഗം ബാധിച്ചവരില്‍ 17 വര്‍ഷമായി പ്രതിരോധശേഷി നിലനില്‍ക്കുന്നതായി ദീപ്ത ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കൊവിഡ് ബാധിതരില്‍ പ്രതിരോധശേഷി കുറവാണെന്നു കണ്ടെത്തിയവര്‍ ഹ്രസ്വകാലം നിലനില്‍ക്കുന്ന പ്ലാസ്മ കോശങ്ങളെയാണ് പഠനവിധേയമാക്കിയതെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."