ഞാനിനിയും 100 ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കും: മമത
കൊല്‍ക്കത്ത: മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്ന ബി.ജെ.പിയുടെ ആരോപണത്തിന് ശക്തമായ മറുപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഞാനിനിയും 100 ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കുമെന്ന് മമത പറഞ്ഞു.
ഞാന്‍ ഇനിയും ഇഫ്താര്‍ സംഗമത്തിന് പോവും. നിങ്ങളും വരണം. ഞാന്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണോ?, അല്ല. 100 ഇഫ്താര്‍ സംഗമത്തില്‍ ഞാന്‍ പങ്കെടുക്കാന്‍ പോവുകയാണ്. നിങ്ങള്‍ക്ക് പശു പാല്‍ തരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതിന്റെ ചവിട്ട് കൊള്ളാനും തയാറാവേണ്ടതുണ്ട്- മമത പറഞ്ഞു.
കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ ഈ മാസമൊടുവില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചു കൊണ്ടായിരുന്നു മമതയുടെ പ്രതികരണം.
അതേസമയം, വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്തിയാണ് ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വിജയം നേടിയതെന്ന് മമത ആരോപിച്ചു.
ബി.ജെ.പിയുടെ വിജയത്തെ കുറിച്ച് ജനങ്ങള്‍ക്ക് ചില സംശയങ്ങളുണ്ട്. തൃണമൂലിനും ഉണ്ട് അത്തരത്തില്‍ സംശയം. ഒരുലക്ഷത്തിന് താഴെ വോട്ടുകള്‍ക്ക് ഞങ്ങള്‍ പരാജയപ്പെട്ട മണ്ഡലങ്ങളിലാണ് ഞങ്ങള്‍ക്ക് സംശയങ്ങളുള്ളത്. യന്ത്രങ്ങളില്‍ ഒരുലക്ഷത്തിന് താഴെ ഭൂരിപക്ഷം ലഭിക്കുന്ന വിധത്തില്‍ പ്രോഗ്രാമിങ്ങില്‍ മാറ്റംവരുത്തിയിട്ടുണ്ടാവാമെന്നാണ് പാര്‍ട്ടിയുടെ സംശയം- മമത പറഞ്ഞു.
ഒരുപക്ഷേ ചില വിദേശരാജ്യങ്ങളുടെ കരങ്ങളും ഇതിന് പിന്നിലുണ്ടായേക്കാം. പക്ഷേ, രാജ്യതാല്‍പ്പര്യം പരിഗണിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെടാനും തയാറാണ്. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ കൈപ്പേറിയസത്യങ്ങള്‍ വിളിച്ചുപറയും- മമത പറഞ്ഞു.
ബംഗാളിലെ 42ല്‍ 18 സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത്. തൃണമൂല്‍ 22 സീറ്റുകളും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."