കൈയേറ്റം വ്യാപകം; ചെറുപുഴ ചുരുങ്ങുന്നു
പെരിന്തല്‍മണ്ണ: വ്യാപക കൈയേറ്റത്തെത്തുടര്‍ന്ന് ചെറുപുഴ നാശത്തിലേക്ക്. അമ്മിനിക്കാടന്‍ മലയില്‍ നിന്നും ഉത്ഭവിച്ച് മുപ്പത് കിലോമീറ്ററോളം ഒഴുകി കൂട്ടിലങ്ങാടിപ്പുഴയില്‍ ചേരുന്നതാണ് ചെറുപുഴ. ഈ പുഴയുടെ ഇരുകരകളിലും വ്യാപകമായ കൈയേറ്റമാണ് നടക്കുന്നത്. ഓരോവര്‍ഷവും ഓരോ മീറ്റര്‍ അതിര്‍ത്തി ഇറക്കിക്കെട്ടി ചെറുപുഴ എന്ന പേര് അന്വര്‍ഥമാക്കുന്ന നിലയിലെത്തിയിരിക്കുകയാണ്.
ചിലയിടങ്ങളില്‍ പുഴക്ക് വീതി കുറവായിരുന്നവെങ്കിലും മിക്കയിടങ്ങളിലും നല്ല പോലെ പരന്നൊഴുകിയിരുന്നു. ഇതിനാലാണ് തോട് മാറി പുഴ എന്ന് തന്നെ വിളിക്കാന്‍ കാരണം. മുന്‍കാലങ്ങളില്‍ ഏറാന്തോട്, ഓരാന്‍പാലം, ചെരക്കാപറമ്ബ്, തിരൂര്‍ക്കാട്, പാതിരമണ്ണ എന്നിവിടങ്ങളില്‍ വേനല്‍ക്കാലത്ത് വെള്ളം വറ്റുമ്പോള്‍ ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ നടത്തിയിരുന്നു. അത്രയേറെ വീതിയുണ്ടായിരുന്നു ഈ പുഴക്ക്.
പെരിന്തല്‍മണ്ണ നഗരസഭ അതിര്‍ത്തി മുതല്‍ കൂട്ടിലങ്ങാടി വരെ വ്യാപകമായി പുഴ കൈയേറിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുഴ ഒഴുകുന്ന പെരിന്തല്‍മണ്ണ നഗരസഭയിലെയും സമീപത്തെ ആറു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പുഴയുടെ സംരക്ഷണത്തിന് സമഗ്ര പദ്ധതി വരെ നടപ്പാക്കുകയും ചെയ്തിരുന്നു.എന്നാല്‍ വേണ്ടത്ര കാര്യക്ഷമമാക്കാന്‍ സാധിച്ചില്ല.
അനധികൃതമായുള്ള മണലെടുപ്പ് വ്യാപകമായതോടെ പുഴയുടെ ഒഴുക്കിനേയും അത് സാരമായി ബാധിക്കുകയായിരുന്നു. ചിലയിടങ്ങളില്‍ മണല്‍ അടിഞ്ഞുകൂടി തിട്ട രൂപപെടുകയും അവയ്ക്കു മുകളില്‍ കാട് പിടിക്കുകയും ചെയ്തതോടെ പുഴ കരയായി മാറിയിട്ടുമുണ്ട്. ചെറുപുഴയുടെ നാശത്തോടെ ഇത് ഒഴുകിയിരുന്ന പ്രദേശങ്ങളില്‍ മുഴുവന്‍ കഴിഞ്ഞ വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."