HOME
DETAILS
MAL
കേരളം ഉള്‍പ്പടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ 5,718 കോടിയുടെ വിദ്യാഭ്യാസ പദ്ധതി
backup
October 14 2020 | 21:10 PM
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ലോകബാങ്ക് ധനസഹായത്തോടെ 5718 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ടീച്ചിങ് ലേണിങ് ആന്‍ഡ് റിസള്‍ട്ട്‌സ് ഫോര്‍ സ്റ്റേറ്റ്‌സ് (സ്റ്റാര്‍സ്) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിന് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ധന സഹായത്തോടുകൂടി നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് സ്റ്റാര്‍സ്. പദ്ധതിച്ചെലവിന്റെ 5718 കോടി രൂപയില്‍ ഏകദേശം 3700 കോടി രൂപ (500 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) ലോകബാങ്ക് സഹായമായി നല്‍കും. കേരളത്തെക്കൂടാതെ ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ആണ് പദ്ധതി നടപ്പാക്കുക.
ഈ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കുന്നതിനായുള്ള പ്രത്യേക ശ്രമങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് സഹായം ലഭ്യമാക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിനു കീഴില്‍ സ്വയംഭരണാധികാരം ഉള്ളതും സ്വതന്ത്രവുമായ സ്ഥാപനമായി ദേശീയ മൂല്യനിര്‍ണയ കേന്ദ്രത്തെ വികസിപ്പിക്കാന്‍ സഹായം നല്‍കും.
ഈ പദ്ധതിക്കു പുറമേ സമാനരീതിയില്‍ ഏഷ്യന്‍ വികസന ബാങ്കിന്റെ ധന സഹായത്തോടുകൂടി ഗുജറാത്ത്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ മറ്റൊരു പദ്ധതി നടപ്പാക്കാനും ലക്ഷ്യമിടുന്നു. എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ അനുഭവങ്ങളും പിന്തുടരുന്ന മികച്ച മാതൃകകളും മറ്റു സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കും.
സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുക, സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുക, സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിദ്യാഭ്യാസ പ്രക്രിയകള്‍ക്ക് പങ്കാളിത്തം വികസിപ്പിക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."