അലിഗഢ് മലപ്പുറം സെന്റര്‍ വികസന സാധ്യതകള്‍ക്ക് രൂപരേഖ തയാറാക്കാന്‍ തീരുമാനം
പെരിന്തല്‍മണ്ണ: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കാംപസിനു പുത്തനുണര്‍വേകാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. കാംപസിന്റെ വികസന സാധ്യതകളെല്ലാം നടപ്പിലാക്കുന്നതിനായി രൂപരേഖ തയാറാക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
350ലേറെ ഏക്കര്‍ ഭൂമി വര്‍ഷങ്ങള്‍ക്കു മുന്‍പു സര്‍ക്കാര്‍ ഏറ്റെടുത്തു വിട്ടുകൊടുത്തിട്ടും നാശോന്മുഖമായിക്കിടക്കുന്ന സാഹചര്യത്തിലാണ് സമഗ്ര വികസനം സാധ്യമാക്കുന്നതിനു സ്പീക്കര്‍ മുന്‍കൈയെടുത്തു യോഗം വിളിച്ചത്. സര്‍വകലാശാല അപേക്ഷ നല്‍കിയിട്ടുള്ള 20 പുതിയ കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചു.
കേന്ദ്ര സര്‍ക്കാരുമായും എം.എച്ച്.ആര്‍.ഡിയുമായും നിരന്തരം ബന്ധപ്പെടുന്നതിനു സര്‍ക്കാരിന്റെ വിവിധ വകുപ്പുതല സെക്രട്ടരിമാരുടെയും യൂനിവേഴ്‌സിറ്റി കാംപസ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും സംയുക്ത സംഘത്തെ നിയോഗിക്കും. സെന്ററിന്റെ വികസന സാധ്യതകള്‍ പൂര്‍ണതയിലെത്തിക്കുന്നതിനായി വിപുലമായ വികസന സെമിനാര്‍ മുഖ്യമന്ത്രിയെക്കൂടി പങ്കെടുപ്പിച്ചു സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കും. കൂടാതെ യൂനിവേഴ്‌സിറ്റി ഡെവലപ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മന്ത്രി കെ.ടി ജലീല്‍, പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എല്‍.എ, സെന്റര്‍ ഡയരക്ടര്‍ അബ്ദുല്‍ഹമീദ്, വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല ഉദ്യോഗസഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."