പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടു ചോര്‍ച്ച സംഭവിച്ചു: തുറന്നു സമ്മതിച്ച് സി.പി.എം
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വന്‍വോട്ടു ചോര്‍ച്ച സംഭവിച്ചതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബംഗാളിലും ത്രിപുരയിലും ഒരുപരിധിയോളം കേരളത്തിലും ഇതു സംഭവിച്ചു. ഇതിലേയ്ക്ക് നയിച്ച കാരണങ്ങളില്‍ ചിലത് രണ്ട് ദിവസമായി ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗം ചര്‍ച്ചചെയ്തുവെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശബരിമല വിഷയം അടക്കം എല്ലാ കാര്യങ്ങളും പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്നോടിയായി സംസ്ഥാനകമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പുഫലം ഗൗരവതരമായ സ്വയം വിമര്‍ശനബുദ്ധിയോടെ പരിശോധിക്കും. സംസ്ഥാനഘടകങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്ത് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളും. ആവശ്യമായ തിരുത്തല്‍ നടപടികള്‍ കേന്ദ്രകമ്മിറ്റി സ്വീകരിക്കും.
വന്‍തോതിലുള്ള ഭീകരതയുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ബംഗാളിലും ത്രിപുരയിലും തെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു പലതവണ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. തെരഞ്ഞെടുപ്പിനിടെ ബംഗാളില്‍ രണ്ടും ത്രിപുരയില്‍ ഒന്നും വീതം ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ത്രിപുരയിലെ ഒരു മണ്ഡലത്തിലെ 85ശതമാനം ബൂത്തുകളിലും വോട്ടെടുപ്പ് അട്ടിമറിച്ചു. 10 ശതമാനം ബൂത്തുകളില്‍ മാത്രമാണ് റീപോളിങ് നടത്തിയത്. അവിടങ്ങളില്‍ പോലും മതിയായ സുരക്ഷ ഉറപ്പാക്കിയില്ല.
തമിഴ്‌നാടും ആന്ധ്രപ്രദേശും പോലുള്ള ചില സംസ്ഥാനങ്ങള്‍ ഒഴിച്ച് മറ്റെല്ലായിടത്തും ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു ശക്തമായ തിരിച്ചടിയാണ് നേരിട്ടത്-സീതാറാം യെച്ചൂരി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയശേഷം ജനകീയപ്രക്ഷോഭങ്ങളിലൂടെ സിപി എമ്മിന്റെ സ്വന്തം കരുത്തും രാഷ്ട്രീയ ഇടപെടല്‍ ശേഷിയും ശക്തിപ്പെടുത്താനുള്ള തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്നന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."