നിയമസഭയില്‍ ശ്രദ്ധേയരായി എം.പിമാരായ എം.എല്‍.എമാര്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്നലെ ആരംഭിച്ച നിയമസഭയില്‍ ആദ്യ ദിനത്തിലെ ശ്രദ്ധാകേന്ദ്രം എം.പിമാരായ എം.എല്‍.എമാരായിരുന്നു. ജയിച്ച സഹപ്രവര്‍ത്തകരെ കക്ഷി ഭേദം മറന്ന് അംഗങ്ങള്‍ അഭിനന്ദിച്ചപ്പോള്‍ തോറ്റവരെ ആശ്വസിപ്പിക്കാനും മറന്നില്ല. എല്ലാവരും എം.എല്‍.എ ബോര്‍ഡു വച്ച കാറിലെത്തിയപ്പോള്‍ നിയുക്ത എം.പി സി.പി.എമ്മിന്റെ ആരിഫ് ഓട്ടോറിക്ഷയിലാണ് സഭയിലെത്തിയത്. കവാടത്തില്‍ വച്ച് കെ.മുരളീധരനെ കണ്ടു. ഇവര്‍ ഒന്നിച്ച് കുശലം പറഞ്ഞ് ലിഫ്റ്റില്‍ കയറി ഒന്നാം നിലയിലെത്തി. അവിടെ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ മുരളിയെ കാത്തു നില്‍ക്കുകയായിരുന്നു.
ആരിഫ് മറ്റൊരു വഴിയിലൂടെ സഭയ്ക്കുള്ളില്‍ കയറിയപ്പോള്‍ പാര്‍ലമെന്റിലേക്ക് പോകുന്ന യു.ഡി.എഫിലെ മൂവര്‍ സംഘ എം.എല്‍.എമാര്‍ സഭയ്ക്ക് അകത്ത് എത്തിയത് ഒരുമിച്ചാണ്. അനുമോദിക്കാനും കെട്ടിപ്പിടിക്കാനും പ്രതിപക്ഷ നിരയിലെ മറ്റ് അംഗങ്ങള്‍ മത്സരിച്ചു. ഭരണപക്ഷത്ത് നിന്നും കിട്ടി മൂവര്‍ക്കും അഭിനന്ദനം. ഇടതിന്റെ മാനം കാത്ത ആരിഫ് പതിവ് പോലെ പുഞ്ചിരി തൂകി എത്തി. ആരിഫിനും കിട്ടി കക്ഷിഭേദമില്ലാതെ ഷേക്ക് ഹാന്‍ഡ്.
അതേ സമയം, വീശിയടിച്ച സുനാമിയില്‍ ഒലിച്ചു പോയ പി.വി അന്‍വര്‍ ഒഴികെയുള്ള ഭരണ കക്ഷി എം.എല്‍.എമാര്‍ ഇന്നലെ സഭയിലെത്തിയിരുന്നു. മത്സരിച്ച് തോറ്റ സി. ദിവാകരനെയും പ്രദീപ്കുമാറിനെയും ചിറ്റയം ഗോപകുമാറിനെയും മന്ത്രിമാരടക്കം ആശ്വസിപ്പിച്ചു.
വീണാ ജോര്‍ജാകട്ടെ സഭ തുടങ്ങാന്‍ ബെല്‍ മുഴങ്ങിയ ശേഷമാണ് സഭയിലെത്തിയത്. അതേ സമയം, രമേശ് ചെന്നിത്തല പ്രതിപക്ഷ നിരയില്‍ ഓടി നടന്ന് എല്ലാവരോടും സംസാരിച്ചു. ഇ.പി ജയരാജനൊപ്പം എത്തിയ മുഖ്യമന്ത്രി സീറ്റിലിരുന്നപ്പോള്‍ ആദ്യം ചിരിച്ചു. പിന്നെ ഗൗരവഭാവം തുടര്‍ന്നു. സഭ തുടങ്ങും മുമ്പ് പലയിടങ്ങളില്‍ ചെറു സംഘങ്ങളായി ചര്‍ച്ച. അക്കൗണ്ട് തുറക്കാത്തതിന്റെ വിഷമം പങ്കിട്ട് രാജഗോപാലും പി.സി ജോര്‍ജും. ചൊവ്വാഴ്ച കോന്നിയിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് ശ്രദ്ധക്ഷണിക്കല്‍ നടത്തുന്നുണ്ട്. ബുധനാഴ്ച യു.ഡി.എഫിലെ മൂവരും രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കും. എം.എല്‍.എ ആരിഫാകട്ടെ വ്യാഴാഴ്ച വരെ സഭാ നടപടികളില്‍ പങ്കെടുക്കും. തുടര്‍ന്ന് രാജിക്കത്ത് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."