HOME
DETAILS
MAL
കൈ കഴുകി രോഗമകറ്റാം ആശുപത്രികളിലെ കൈ കഴുകല്‍
backup
October 15 2020 | 08:10 AM
പ്രതിദിനം നൂറു കണക്കിന് രോഗികളാണ് ഓരോ ആശുപത്രികളിലും ചികിത്സതേടിയെത്താറുള്ളത്. ഇങ്ങനെയെത്തുന്ന രോഗികളില്‍നിന്നു പല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുകയാണെങ്കില്‍ അത് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളേയും ബാധിക്കാം. ഇതിനാല്‍ തന്നെ ആശുപത്രിയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ അണുവിമുക്തമാക്കുന്നതോടൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പാലിക്കാറുണ്ട്. രോഗികളെ പരിചരിക്കുന്നതിന് മുമ്പും ശേഷവും പരിചരണ-ചികിത്സാ ഉപകരണങ്ങളുടെ ഉപയോഗത്തിന് മുമ്പും ശേഷവും കൈകകള്‍ അണുവിമുക്തമാക്കുന്നതിലൂടെ രോഗാണുക്കളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും.
നല്ല സോപ്പും ഘടകങ്ങളും
ടി.എഫ്.എ (ടോട്ടല്‍ ഫാറ്റി ആസിഡ്) ടി.എഫ്.എം (ടോട്ടല്‍ ഫാറ്റി മാറ്റര്‍) എന്നിവ കൂടിയ സോപ്പില്‍, സോപ്പ് കൂടുതലും മറ്റു ഘടകങ്ങള്‍ കുറവും ആയിരിക്കും.
കൂടുതല്‍ സുഗന്ധവും നിറവും ഉള്ള സോപ്പില്‍ കൂടുതല്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകും. ഒലിയിക്ക് ആസിഡ്, സ്റ്റിയറിക് ആസിഡ്, പാല്‍മിക് ആസിഡ് എന്നീ ഫാറ്റി ആസിഡുകളുടെ ഗ്ലിസറിക് എസ്റ്ററുകളാണ് എണ്ണകളും കൊഴുപ്പുകളും. ഇവ ആല്‍ക്കലികളുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന ലവണങ്ങളാണ് സോപ്പ്. സോഡിയം ഹൈഡ്രോക്‌സ് (കാസ്റ്റിക് സോഡ), പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് (കാസ്റ്റിക് പൊട്ടാഷ്) എന്നീ ആല്‍ക്കലികളാണ് കൂടുതലായും സോപ്പ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്നത്. ഓരോ സോപ്പ് തന്മാത്രയ്ക്കും ഒരു പോളാര്‍ ഹെഡ് ഗ്രൂപ്പും ഒരു നോണ്‍ പോളാര്‍ ഹൈഡ്രോകാര്‍ബണ്‍ ടെയ്‌ലും ഉണ്ട്. പോളാര്‍ ഹെഡ് പോളാര്‍ ജലതന്മാത്രകളേയും നോണ്‍ പോളാര്‍ ടെയില്‍ ജലത്തില്‍ ലയിക്കാത്ത അഴുക്ക് കണങ്ങളേയും ആകര്‍ഷിക്കുന്നു. ഇങ്ങനെയാണ് സോപ്പ് മാലിന്യത്തെ നീക്കം ചെയ്യുന്നത്.
മാലിന്യം നീക്കം ചെയ്യുന്നതിനായി നോണ്‍ പോളാര്‍ പ്രതലത്തിലെ തന്മാത്രകളില്‍ പോളാര്‍ ഭാഗങ്ങളില്‍ രൂപപ്പെടുന്ന ഘടനയെ മിസല്ലെ എന്നാണ് വിളിക്കുന്നത്.
കൈ കഴുകല്‍ ദിനം
ഓരോ വര്‍ഷവും ഒക്ടോബര്‍ 15 ന് ലോകത്തിലെ വിവിധ അന്താരാഷ്ട്ര സംഘടനകള്‍ സംയുക്തമായി ഗ്ലോബല്‍ ഹാന്റ് വാഷ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്യാറുണ്ട്. കൈകഴുകലിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് കൈകഴുകല്‍ ദിനം ആചരിച്ച് വരുന്നത്.
വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ് കൈകഴുകല്‍. ആഹാരത്തിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകഴുകല്‍ അത്യാന്താപേക്ഷിതമാണ്. ലോകത്തിലെ ശിശുമരണങ്ങള്‍ക്ക് കൈ കഴുകലിന്റെ അഭാവം കാരണമാകാറുണ്ട്. വയറിളക്കം പോലെയുള്ള രോഗങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കൈകഴുകലിലൂടെ സാധിക്കും.
കൈ കഴുകാം
സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈകള്‍ ഭംഗിയായി കഴുകാവുന്നതാണ്. സാനിറ്റൈസര്‍ ചെയ്ത ശേഷം കൈകള്‍ വായുവില്‍ വീശി ഉണക്കുന്നതാണ് നല്ലത്. സോപ്പുകൊണ്ട് കൈകഴുകുന്നവര്‍ 20 സെക്കന്റ് മുതല്‍ ഒരുമിനുട്ട് വരെയെങ്കിലും സോപ്പിന്റെ പത കൈകളില്‍ നിര്‍ത്തി കൈകഴുകുന്നതാണ് നല്ല ശീലം. കൈകളുടെ അകവും പുറവും വിരലുകള്‍ക്കിടയിലും സോപ്പുപുരട്ടിയ ശേഷം നന്നായി കൈകഴുകി ശീലിക്കണം. നഖങ്ങള്‍ വളര്‍ത്തുന്നവര്‍ നഖങ്ങള്‍ക്കിടയിലും നന്നായി സോപ്പിന്‍പത എത്തിക്കേണ്ടതുണ്ട്.
സോപ്പും വൈറസും
രാസപരമായി സോപ്പ് ഓര്‍ഗാനിക് ആസിഡിന്റെ ഘടകങ്ങളാണ്. സോപ്പിന്റെ ഒരു ഭാഗം കാര്‍ബണ്‍ ആറ്റങ്ങളും മറുഭാഗം പൊട്ടാസ്യം, സോഡിയം തുടങ്ങിയ ആറ്റങ്ങളുമാണ്. സോപ്പിന്റെ ഒരറ്റത്തുള്ള കാര്‍ബണ്‍ ആറ്റങ്ങള്‍ കൊഴുപ്പിലും മറുഭാഗത്തുള്ള പൊട്ടാസ്യം, സോഡിയം തുടങ്ങിയവ ജലത്തിലും ലയിക്കും. വൈറസുകളുടെ കൊഴുപ്പുകള്‍ അടങ്ങിയ സംരക്ഷണ പുറംപാളിയില്‍ സോപ്പ് ലയിക്കുന്നതു മൂലം വൈറസുകളുടെ കവചം നശിപ്പിക്കാന്‍ സാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."