നിയുക്ത എം.പിമാര്‍ സഭയിലെത്തി; അന്‍വര്‍ ഒഴികെ തോറ്റവരും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ ശ്രദ്ധാകേന്ദ്രം എം.പിമാരായ എം.എല്‍.എമാരായിരുന്നു.
ജയിച്ച സഹപ്രവര്‍ത്തകരെ കക്ഷിഭേദം മറന്ന് അംഗങ്ങള്‍ അഭിനന്ദിച്ചപ്പോള്‍ തോറ്റവരെ ആശ്വസിപ്പിക്കാനും മറന്നില്ല. എല്ലാവരും എം.എല്‍.എ ബോര്‍ഡ് വച്ച കാറിലെത്തിയപ്പോള്‍ നിയുക്ത എം.പി സി.പി.എമ്മിന്റെ ആരിഫ് ഓട്ടോറിക്ഷയിലാണ് സഭയിലെത്തിയത്. കവാടത്തില്‍ വച്ച് കെ.മുരളീധരനെ കണ്ടു. തുടര്‍ന്ന് ഒന്നിച്ച് കുശലംപറഞ്ഞ് ലിഫ്റ്റില്‍ കയറി ഒന്നാംനിലയിലെത്തി.
അവിടെ അടൂര്‍ പ്രകാശ്, ഹൈബി ഈഡന് എന്നിവര്‍ മുരളിയെ കാത്തുനില്ക്കുകയായിരുന്നു. ആരിഫ് മറ്റൊരു വഴിയിലൂടെ സഭയ്ക്കുള്ളില്‍ കയറിയപ്പോള്‍ പാര്‍ലമെന്റിലേക്ക് പോകുന്ന യു.ഡി.എഫിലെ മൂവര്‍ സംഘ എം.എല്‍.എമാര്‍ സഭയ്ക്ക് അകത്തെത്തിയത് ഒരുമിച്ചാണ്. അനുമോദിക്കാനും കെട്ടിപ്പിടിക്കാനും പ്രതിപക്ഷ നിരയിലെ മറ്റ് അംഗങ്ങള്‍ മത്സരിച്ചു. ഭരണപക്ഷത്ത് നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ആരിഫിനും കിട്ടി കക്ഷിഭേദമില്ലാതെ ഷേക്ക് ഹാന്‍ഡ്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അന്‍വര്‍ ഒഴികെയുള്ള ഭരണ കക്ഷി എം.എല്‍.എമാരും ഇന്നലെ സഭയിലെത്തി.
മത്സരിച്ച് തോറ്റ സി. ദിവാകരനെയും പ്രദീപ്കുമാറിനെയും ചിറ്റയം ഗോപകുമാറിനെയും മന്ത്രിമാരടക്കം ആശ്വസിപ്പിച്ചു. വീണാ ജോര്‍ജാകട്ടെ ബെല്‍ മുഴങ്ങിയതിനുശേഷമാണ് സഭയിലെത്തിയത്. രമേശ് ചെന്നിത്തലക്ക് പട നയിച്ച ജേതാവിന്റെ ശരീരഭാഷയായിരുന്നു. അകത്തളത്തില്‍ പ്രതിപക്ഷ നിരയില്‍ ഓടിനടന്ന് എല്ലാവരോടും സംസാരിച്ചു. ഇന്ന് കോന്നിയിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് ശ്രദ്ധക്ഷണിക്കല്‍ നടത്തുന്നുണ്ട്.
ബുധനാഴ്ച യു.ഡി.എഫിലെ മൂവരും രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കും. എം.എല്‍.എ ആരിഫാകട്ടെ വ്യാഴാഴ്ച വരെ സഭാ നടപടികളില്‍ പങ്കെടുക്കും. തുടര്‍ന്ന് രാജിക്കത്ത് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."