ത്രിപുരയിലും ബംഗാളിലും സംഘര്‍ഷം തുടരുന്നു
കൊല്‍ക്കത്ത/പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പശ്ചിമബംഗാളിലും ത്രിപുരയിലും നിലനിന്ന സംഘര്‍ഷത്തിന് ഇനിയും അയവുവന്നില്ല.
സംഘര്‍ഷങ്ങളില്‍ ബംഗാളില്‍ ഞായറാഴ്ച ഒരാളും ത്രിപുരയില്‍ മൂന്നുദിവസത്തിനിടെ മൂന്നുപേരും മരിച്ചു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ചന്ദന്‍ ഷാ (24) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാ വെടിയേറ്റു മരിക്കുയായിരുന്നു. ഇതേ ജില്ലയില്‍ ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.
ബംഗാള്‍ വനംമന്ത്രി ബിനോയ് കൃഷണ ബുര്‍മയുടെ വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. പൊലിസ് എത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫിസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിക്കുകയും ചെയ്തു. കൂച്ച് ബഹറിലെ ദിന്‍ഹാട്ടയിലും ജല്‍പൈഗൂരിയിലെ പഹര്‍പ്പൂരിലും ദക്ഷിണ ദിനജ്പൂറിലെ ഗംഗരാമപൂറിലും അക്രമങ്ങളുണ്ടായി.
അതേസമയം, ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ ലക്ഷ്യംവച്ച് വ്യാപക ആക്രമണം നടക്കുകയാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ബിജാന്‍ ധറും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രാഡ്യോട്ട് കിഷോറും പ്രത്യേകം പ്രത്യേകം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വോട്ടെണ്ണല്‍ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ കൗണ്ടിങ് ഏജന്റുമാരെ ആക്രമിച്ച് ബി.ജെ.പി തുടക്കമിട്ട അക്രമ പരമ്പരകള്‍ ഇപ്പോഴും തുടരുകയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ 30 വീടുകളും ഓഫിസുകളും ഇതിനകം അഗ്‌നിക്കിരയാക്കപ്പെട്ടു. 150ഓളം പേര്‍ക്ക് പരുക്കേറ്റു. ആക്രമണങ്ങള്‍ക്കെല്ലാം സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും ഇരുനേതാക്കളും ആരോപിച്ചു.
ത്രിപുരയിലെ അക്രമസംഭവങ്ങളില്‍ ഇതുവരെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. എന്നാല്‍, ഈ കൊലപാതകങ്ങള്‍ രാഷ്ട്രീയസംഘര്‍ഷം മൂലമാണോ ഉണ്ടായതെന്നു സ്ഥിരീകരിച്ചിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 200 ലേറെ ആക്രമണങ്ങളും തീവെയ്പ്പുമാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടന്നതെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ബിജാന്‍ ധര്‍ പറഞ്ഞു.
ഇടത് നേതാക്കള്‍ക്കും അനുയായികള്‍ക്കുമെതിരേ നടന്ന ആക്രമണങ്ങള്‍ 209ലേറെ കേസുകള്‍ വരും. 88 തീവെയ്പുകളും കൊള്ളയുമാണ് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനുശേഷം നടന്നത്. ഈ കേസിലൊന്നും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും ധര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് എത്രയും വേഗം ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും പരുക്കും നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."