ജോസ് കെ മാണിക്ക് എ.കെ.ജി സെന്ററില്‍ ഊഷ്മള സ്വീകരണം; വാതില്‍ക്കലോളം അനുഗമിച്ച് കോടിയേരിയും വിജയരാഘവനും
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിയ്ക്ക് എ.കെ.ജി സെന്ററില്‍ ഊഷ്മള സ്വീകരണം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കുന്നതിനിടെയാണ് ജോസ് കെ മാണി എ.കെ.ജി സെന്ററില്‍ എത്തിയത്.
കോടിയേരി ബാലകൃഷ്ണന് അടക്കം നേതാക്കളുമായി ജോസ് കെ മാണി ചര്‍ച്ച നടത്തി. റോഷി അഗസ്റ്റിന് എം.എല്‍.എയും ജോസിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജോസ് കെ മാണിയെ വാതില്‍ക്കലോളം കോടിയേരിയും എ വിജയരാഘവനും അനുഗമിച്ചു.
'വേറെ വലിയ കാര്യങ്ങള്‍ ഒന്നും ഇല്ല. വന്നു, കണ്ടു. നിലപാട് അറിയിച്ചു. ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തു. പ്രധാനപ്പെട്ട എല്ലാ നേതാക്കന്മാരും ഞങ്ങളെ സ്വാഗതം ചെയ്തു. തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാകണമെന്നാണ് ആഗ്രഹം. അതുണ്ടാകുമെന്നാണ് പ്രതീക്ഷ,' ജോസ് കെ. മാണി പറഞ്ഞു.
അതേസമയം, എ.കെ.ജി സെന്ററിലെത്തുന്നതിനു മുന്നേ തന്നെ രാവിലെ ജോസ് കെ മാണി എം.എന്‍ സ്മാരകത്തിലെത്തി കാനം രാജേന്ദ്രനെ കണ്ടിരുന്നു. എ.കെ.ജി സെന്ററിന്റെ വാഹനത്തിലായിരുന്നു അദ്ദേഹം എം.എന്‍ സ്മാരകത്തിലെത്തിയത്. അതിന് ശേഷം വാഹനം നേരെ എ.കെ.ജി സെന്ററിലേക്ക് പോകുകയായിരുന്നു.
നാളെത്തന്നെ എല്‍.ഡി.എഫ് യോഗം വിളിച്ചുചേര്‍ക്കാനാണ് സാധ്യത. ഇതില്‍ ജോസിന്റെ മുന്നണിപ്രവേശനം എന്ന് വേണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."