പാലത്തില്‍ നിന്നുവീണ് മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം നല്‍കാന്‍ ഉത്തരവ്
കോട്ടയം: നാഗമ്പടം റയില്‍വേ മേല്‍പാലത്തിലൂടെ ബസ് സ്റ്റാന്റിലേക്ക് നടക്കുന്നതിനിടയില്‍ സ്ലാബ് ഇല്ലാതിരുന്ന ഭാഗത്ത് നിന്നും വീണ് മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കോട്ടയം നഗരസഭ രണ്ട് മാസത്തിനകം തുക നല്‍കണമെന്നാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്. പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയ് കളരിക്കല്‍, മുഹമ്മദ് നാസര്‍, സുബുന്‍ റ്റി. സെബാസ്റ്റ്യന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
നഷ്ടപരിഹാരത്തിന്റെ വിഹിതം റയില്‍വേയില്‍ നിന്നും ഈടാക്കേണ്ടതുണ്ടെങ്കില്‍ തുക നല്‍കിയ ശേഷം നഗരസഭക്ക് നിയമാനുസൃതം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പാലം പുനര്‍നിര്‍മിക്കുന്നതില്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് താമസമുണ്ടായതായി കമ്മീഷന്‍ നിരീക്ഷിച്ചു.
തൊഴിലെടുത്ത് ജീവിച്ചു വന്ന പരേതന്റെ കുടുംബത്തിനുണ്ടായ നഷ്ടം അവഗണിക്കപ്പെടേണ്ടതല്ല. അപകടത്തിന്റെ അന്തിമ ഉത്തരവാദിത്വത്തിന്റെ പേരില്‍ പരേതന്റെ കുടുംബം ദീര്‍ഘകാലം യാതനപ്പെടുന്നത് മനുഷ്യത്വമല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കാഞ്ഞിരത്താനം തെന്നാട്ടില്‍ വീട്ടില്‍ സെബാസ്റ്റ്യനാണ് 2016 ജൂലൈ ഒന്‍പതിന് രാത്രി പാലത്തില്‍ നിന്നും വീണ് മരിച്ചത്.
ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് 2016 ജൂണ്‍ 23 ന് മേല്‍പ്പാലം അടയ്ക്കുന്നതായി റെയില്‍വേ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും പത്രപരസ്യം നല്‍കുകയും ചെയ്തു. 2016 ജൂലൈ നാല ിന് ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തിലും പ്രശ്‌നത്തിന്റെ ഗൗരവം റയില്‍വേ അറിയിച്ചു.
അപകടം നടന്ന ശേഷം നഗരസഭ തുക മുഴുവന്‍ കെട്ടിവച്ചതായി റയില്‍വേ അറിയിച്ചു. റയില്‍വേ നല്‍കിയ 28.68 ലക്ഷത്തിന്റെ എസ്റ്റിമേറ്റില്‍ 15.35 ലക്ഷം നിര്‍മാണചെലവും 13.33 ലക്ഷം രൂപ എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജും ആയിരുന്നെന്ന് നഗരസഭാ അറിയിച്ചു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 6.67 ലക്ഷം രൂപ 2016 ജൂലൈ 22ന് നിക്ഷേപിച്ചു. മേല്‍പ്പാലത്തിന്റെ പരിപാലനം റയില്‍വേക്കായതിനാല്‍ ബാധ്യതയും റയില്‍വേക്കാണെന്ന് നഗരസഭ വാദിച്ചു. അനാസ്ഥ വെള്ള പൂശാനുള്ളതാണ് നഗരസഭയുടെ റിപ്പോര്‍ട്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പാലത്തിന്റെ ഉടമസ്ഥത നഗരസഭക്കാണെങ്കില്‍ ബാധ്യതകളും നഗരസഭക്ക് തന്നെയാണെന്ന് കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
മുന്നറിയിപ്പ് ബോര്‍ഡും പത്രവാര്‍ത്തയും ജനങ്ങളിലെത്തിയില്ല. പാലത്തിന് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നുണ്ടായിരുന്നില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
ഉത്തരവ് നഗരസഭാ സെക്രട്ടറിക്കും ഭക്ഷിണ റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കും അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."