മലയോര മേഖലയില്‍ പൂര്‍ണം
മുക്കം: ഇന്ധന വിലവര്‍ധനവിനെതിരേ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത ബന്ദും സംസ്ഥാനത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ് കക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും മലയോര മേഖലയില്‍ പൂര്‍ണം.
ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. ഭൂരിഭാഗം അങ്ങാടികളിലെയും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരത്തിലിറങ്ങിയില്ല.
കെ.എസ്.ആര്.ടി.സി മലയോര മേഖലയില്‍ കാര്യമായി സര്‍വിസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.
മുക്കം പി.സി ജങ്ഷനില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും അഭിലാഷ് ജങ്ഷനില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വാഹനങ്ങള്‍ തടഞ്ഞു.
പി.സി ജങ്ഷനില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും പൊലിസും തമ്മിലുണ്ടായ ഉന്തും തള്ളിലും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജുനൈദ് പാണ്ടികശാലയുടെ ഷര്‍ട്ട് കീറി. മുക്കം അങ്ങാടിയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നോക്കിയ ചില കടകള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി ബലമായി അടപ്പിച്ചു. യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനങ്ങളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."