പ്രതിഷേധം ബന്ദായി
കോഴിക്കോട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. പലയിടത്തും ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. അനിഷ്ട സംഭവങ്ങളൊന്നും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താലിന്റെ ഭാഗമായി നഗര, ഗ്രാമപ്രദേശ ഭേദമില്ലാതെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ടാക്‌സികളും സര്‍വിസ് നടത്തിയിരുന്നില്ല. പൊലിസ് അകമ്പടിയോടെ കെ.എസ്.ആര്‍.ടി.സി നാമമാത്രമായ സര്‍വിസുകള്‍ മാത്രമാണ് നടത്തിയത്. കോഴിക്കോട് സ്റ്റാന്‍ഡില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിക്കും കാസര്‍കോട്ടേക്കും മാത്രമാണ് സര്‍വിസ് നടത്തിയിരുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കും നഗരപരിധിക്കുള്ളിലും കെ.എസ്.ആര്‍.ടി.സി പൊലിസ് സംരക്ഷണത്തോടെ സര്‍വിസ് നടത്തി.
അതേസമയം കര്‍ണാടക ആര്‍.ടി.സിയുടെ സര്‍വിസുകള്‍ പൂര്‍ണമായും നിലച്ചു. ഹര്‍ത്താലിനോടുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ പ്രധാന മേഖലകളിലെങ്ങും ശക്തമായ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ധനത്തിന് അടിക്കടിയുണ്ടാകുന്ന വില വര്‍ധനയില്‍ ശക്തമായ പ്രതിക്ഷേധമറിയിച്ചുകൊണ്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പ്രകടനം നടത്തി.
സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില കുറവായിരുന്നു. പല സ്‌കൂളുകളിലേയും അധ്യയനവും മുടങ്ങി. മാവൂര്‍ റോഡ്, മൊഫ്യൂസല്‍ ബസ്റ്റാന്‍ഡ് എന്നിവിടങ്ങളിലും കടകളൊന്നും തുറന്നുപ്രവര്‍ത്തിക്കാത്തത് നഗരത്തിലെത്തിയവരെ സാരമായി ബാധിച്ചു. നഗരത്തിലെ ചിലയിടങ്ങളിലുണ്ടായിരുന്ന തട്ടുകടകളായിരുന്നു നഗരത്തിലെത്തിയവര്‍ക്ക് ആശ്വാസമേകിയത്.
റെയില്‍വേ സ്റ്റേഷനിലും ഹര്‍ത്താലിനോടനുബന്ധിച്ച് തിരക്ക് കുറവായിരുന്നു. ട്രെയിനുകളില്‍ വന്നിറങ്ങിയ യാത്രക്കാരെ സന്നദ്ധ സംഘടനകളാണ് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ സഹായിച്ചത്. ഇരുചക്രവാഹനത്തിലും കാറിലും ആംബുലന്‍സിലുമായി ഇവര്‍ യാത്രക്കാരെ വിവിധ സ്ഥലങ്ങളിലായി എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."