പെരിയ സെറ്റില്‍മെന്റ് കോളനിയിലെ താമസക്കാര്‍ വീണ്ടും സമരത്തിന്
കാസര്‍കോട്: ചെങ്ങറ ഭൂസമരത്തെ തുടര്‍ന്ന് പെരിയ കെ.ആര്‍ നാരായണന്‍ സെറ്റില്‍മെന്റ് കോളനിയില്‍ ഭൂമി വാങ്ങി താമസം തുടങ്ങിയവര്‍ വീണ്ടും സമര രംഗത്തേക്ക്. 85 ഓളം കുടുംബങ്ങളാണ് വിവിധ ആവശ്യങ്ങളുന്നയിച്ചു സമര രംഗത്തിറങ്ങുന്നത്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്തു ഭൂമി ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും നിറവേറ്റിയില്ലെന്ന് കോളനിയിലെ താമസക്കാരുടെ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പെരിയ വില്ലേജില്‍ ചെങ്കല്‍പാറ നിറഞ്ഞ സ്ഥലത്ത് താമസിക്കുന്ന 85 കുടുംബങ്ങള്‍ക്ക് ഭൂമിക്ക് കരമോ പട്ടയമോ നല്‍കിയിട്ടില്ല. ലഭിച്ച ഭൂമിക്കു പട്ടയത്തിനായി ഏഴുവര്‍ഷത്തോളമായി ഈ കുടുംബങ്ങള്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. കരമടച്ച റസീറ്റ് ഇല്ലാത്തതിനാല്‍ ഒരാനുകൂല്യവും ഇവര്‍ക്കു ലഭിക്കുന്നില്ല.
ചെങ്ങറ ഭൂസമരത്തെ തുടര്‍ന്ന് 2010ല്‍ പെരിയയിലെത്തിയ കുടുംബങ്ങള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. 20 ലക്ഷം രൂപ മുടക്കി കോളനിയില്‍ സ്ഥാപിച്ച ഷോപ്പിങ് കോംപ്ലക്‌സ് ഇതേവരേ തുറന്നു കൊടുക്കാനായിട്ടില്ല. കുടിവെള്ള പദ്ധതിക്കായി ഒരു പ്രവൃത്തിയും ജില്ലാ ഭരണകൂടം തയാറാക്കിയിട്ടില്ലെന്നും കോളനിയിലെ താമസക്കാര്‍ ആരോപിച്ചു.
ഇടതുമുന്നണി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ 20000 കുടുംബങ്ങള്‍ക്കു പട്ടയം നല്‍കാനൊരുങ്ങുമ്പോഴാണ് ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത് ഭൂമി ലഭിച്ച കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാതിരിക്കുന്നതെന്നും പെരിയയിലെ ഭവന പദ്ധതികള്‍ സംബന്ധിച്ചും നിര്‍മാണ പ്രവര്‍ത്തികള്‍ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കോളിനിവാസികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കെ തങ്കപ്പന്‍, ലീലാ ശശി, കല്ലമ്പലം ഓമന, ശാവുവേല്‍, വി.സി മണിയന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."