കനത്ത തോല്‍വി: പി.എസ് ശ്രീധരന്‍ പിള്ള പുറത്തേക്കെന്ന് സൂചന
കോഴിക്കോട്:: തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പുറത്തേക്കെന്ന് സൂചന. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പിള്ളക്കെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. രാജ്യം മുഴുവന്‍ പാര്‍ട്ടി വന്‍ശക്തിയായി മാറിയപ്പോഴും കേരളത്തില്‍നിന്ന് ഒരു സീറ്റുപോലും നേടാനാവാത്തതിന്റെ പഴിമുഴുവന്‍ സംസ്ഥാന പ്രസിഡന്റിനുനേരെയാണുയരുന്നത്. മൂന്ന് സീറ്റ് വരെ കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കനത്ത പരാജയം നേരിട്ടതോടെ വിമര്‍ശനം അധ്യക്ഷനും നേരെ നീണ്ടു. പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യമുയര്‍ന്നു.
ബിജെപിയുടെ പ്രചാരണത്തില്‍ ഏകോപനമുണ്ടായില്ല. പിള്ളയുടെ പ്രസ്താവനകള്‍ പലതും തിരിച്ചടിയായിയെന്നും ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ചര്‍ച്ചയില്‍ പങ്കെടുത്തു ഭൂരിപക്ഷം പേരും പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
എന്നാല്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ക്രൂശിക്കപ്പെട്ടെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.
തനിക്കെതിരേ പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, പക്ഷേ കള്ളപ്രചാരണം നടത്തരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ബിജെപിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്നാണ് മുതിര്‍ന്ന നേതാവ് എം.ടി രമേശ് പറഞ്ഞത്. തെരഞ്ഞെടുപ്പുഫലം നോക്കിയല്ല പാര്‍ട്ടി പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സീറ്റുകിട്ടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ഘടകത്തെ കേന്ദ്രമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചുവെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."